പത്തനംതിട്ട :നൂറ്റി ഏഴാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് വിദ്യാധിരാജ നഗറിൽ ഇന്ന് തുടങ്ങും. പൻമന ആശ്രമത്തിൽ നിന്ന് ജ്യോതിയും എഴുമറ്റൂർ പരമഭട്ടാരക ആശ്രമത്തിൽ നിന്ന് ഛായചിത്രവും അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്ന് പതാകയും ഘോഷയാത്രയായി ഇന്ന് രാവിലെ 10ന് വിദ്യാധിരാജ നഗറിൽ എത്തിച്ചേരും. തുടർന്ന് ഹിന്ദു മതമഹാ മണ്ഡലം പ്രസിഡന്റ് അഡ്വ .ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയർത്തും. ഇന്ന് വൈകിട്ട് 3ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി വിവിക്താനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും. പ്രജ്ഞാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. അശ്വതി തിരുനാൾ ലക്ഷ്മിഭായി തമ്പുരാട്ടിക്ക് വിദ്യാധിരാജ പുരസ്‌കാരം ഹിന്ദുമത മണ്ഡലം പ്രസിഡന്റ് ടി.എൻ.ഉപേന്ദ്രനാഥ കുറുപ്പ് സമർപ്പിക്കും. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ,കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,മന്ത്രി കെ.കൃഷ്ണൻകുട്ടി ,എം.എൽ.എമാരായ രാജു ഏബ്രഹം,ഒ.രാജഗോപാൽ ,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള എന്നിവർ പ്രസംഗിക്കും. ആറിന് വൈകിട്ട് 3ന് ഉപനിഷത്ത് ദർശന സമ്മേളനം ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് കെ.പി.ശശികല പ്രസംഗിക്കും .
ഏഴിന് വൈകിട്ട് 3ന് അയ്യപ്പഭക്തസമ്മേളനം സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് പി.ജി .ശശികുമാര വർമ്മ അദ്ധ്യക്ഷത വഹിക്കും. 8ന് നടക്കുന്ന ആചാര്യ അനുസ്മരണ സമ്മേളനം മുതിർന്ന ആർ.എസ്.എസ് പ്രചാരകൻ ജെ.നന്ദകുമാർ ഉദ്ഘാടനം ചെയ്യും. സ്വാമി ഗരുഡ ധ്വജാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷത വഹിക്കും .
9ന് വൈകിട്ട് 3ന് വനിതാ സമ്മേളനം സ്വാമി ശിവാനന്ദപുരി ഉദ്ഘാടനം ചെയ്യും . ഭവ്യാമൃത ചൈതന്യ അദ്ധ്യക്ഷത വഹിക്കും. ബി .ജെ .പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പ്രഭാഷണം നടത്തും .10ന് രാവിലെ പത്തിന് മതപാഠശാല സമ്മേളനം ബാലഗോകുലം സംസ്ഥാന സമിതി അംഗം സി.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും .
വൈകിട്ട് 3ന് സമാപന സമ്മേളനം മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സ്വാമി ചൈതന്യാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ,പി.സി.ജോർജ് എം.എൽ.എ എന്നിവർ പ്രസംഗിക്കും .
സ്വാമി പ്രഭാകരാനന്ദ സരസ്വതി,സ്വാമി ഉദിത് ചൈതന്യ ,ഡോ.എൻ. ഗോപാലകൃഷ്ണൻ, ശ്രീധര സ്വാമികൾ,സ്വാമി സച്ചിദാനന്ദ ,രാജേഷ് നാദാപുരം എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.