venna

പത്തനംതിട്ട: നഗരത്തിലേക്കുളള വഴിയടച്ച സമരം ജനങ്ങളെ പെരുവഴിയിലാക്കി. ജില്ലാ സ്റ്റേഡിയം വികസനത്തിനു ധാരണപത്രം ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ട് വീണാ ജോർജ് എം.എൽ.എയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് നടത്തിയ സത്യാഗ്രഹസമരമാണ് ജനത്തെ വലച്ചത്. പൊതു നിരത്ത് കൈയേറി സമരം നടത്താൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് പത്തനംതിട്ടയിൽ സ്ഥിരമായി ലംഘിച്ചുളള സമരങ്ങൾക്ക് പൊലീസ് സഹായത്തിനുമെത്തി. എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പന്ത്രണ്ട് മണിക്കൂർ സമരം തുടങ്ങിയപ്പോൾ തന്നെ പൊലീസ് നഗരമദ്ധ്യത്തിലേക്കുളള എല്ലാ റോഡുകളും അടച്ചു.
സെൻട്രൽ ജംഗ്ഷനിൽ ഗാന്ധിപ്രതിമയ്ക്കു മുമ്പിൽ കൈപ്പട്ടൂർ റോഡിലേക്ക് പന്തലിട്ടാണ് സമരം നടന്നത്. സമരം നടക്കുന്നതു കാരണം സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ രാവിലെ തന്നെ പൊലീസ് ബാരിക്കേഡ് വച്ച് ഗതാഗതം തടഞ്ഞിരുന്നു. ടൗണിലൂടെയുള്ള ബസുകൾ റിംഗ് റോഡ് വഴി തിരിച്ചുവിട്ടു. വിവിധ സ്ഥലങ്ങളിൽ നിന്ന് പത്തനംതിട്ടയിലേക്കു ബസുകളിലെത്തിയ യാത്രക്കാർ സ്റ്റേഡിയം ജംഗ്ഷൻ, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ, അബാൻജംഗ്ഷൻ എന്നിവിടങ്ങളിൽ ഇറങ്ങി നഗരമദ്ധ്യത്തിലേക്കു നടക്കേണ്ടി വന്നു. കളക്ടറേറ്റ്, ജനറൽ ആശുപത്രി, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിലെത്താനുളളവരാണ് വലഞ്ഞത്. അബാൻ ജംഗ്ഷനിലും ബാരിക്കേഡ് വച്ച് സെൻട്രൽ ജംഗ്ഷനിലേക്ക് ബസുകൾ അടക്കം വാഹനങ്ങൾ പ്രവേശിക്കുന്നത് വിലക്കിയിരുന്നു.

വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതായതോടെ വ്യാപാരസ്ഥാപനങ്ങളിൽ ആളുകൾ എത്താതെയായി. വർഷങ്ങൾക്ക് മുൻപ് ചെന്നീർക്കര കേന്ദ്രീയ വിദ്യാലയവുമായി ബന്ധപ്പെട്ടു വഴി തടഞ്ഞ് സമരം നടത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അടുത്തിടെ പോസ്റ്റോഫീസ് ജംഗ്ഷനിൽ ഡി.വൈ.എഫ്.എെ നടത്തിയ രാപ്പകൽ സമരത്തിന് നടുറോഡിൽ പന്തലിട്ടതിനാൽ വാഹനങ്ങൾ പൊലീസ് വഴിതിരിച്ചു വിട്ടിരുന്നു.

...

...

ദേവസ്വം ബോർഡ് പ്രസിഡന്റ് സമരപ്പന്തലിൽ

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം വികസനം ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ സത്യാഗ്രഹസമരത്തിനു പിന്തുണയുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സമരപ്പന്തലിൽ എത്തി. ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റശേഷം രാഷ്ട്രീയ പരിപാടികൾക്കില്ലെന്ന നിലപാടിലായിരുന്നു പത്മകുമാർ. മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗമായ പത്മകുമാർ പങ്കെടുത്തിരുന്നില്ല.

കടകൾ അടപ്പിച്ചു

പത്തനംതിട്ട: സ്റ്റേഡിയം വികസനം സമരത്തിനു പിന്തുണ തേടി എൽ.ഡി.എഫ് ഇന്നലെ വൈകിട്ട് നഗരത്തിലെ കടകൾ അടപ്പിച്ചു. ആറു മണിയോടെ കടകളടപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.