പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട വീണാ ജോർജ് എം.എൽ.എയും നഗരസഭയും തമ്മിലുളള തർക്കം തെരുവിലേക്ക്. നിർമ്മാണക്കരാറിൽ ഒപ്പിടണമെന്ന് എം.എൽ.എയും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാവില്ലെന്ന് നഗരസഭയും വ്യക്തമാക്കിയതോടെ സ്റ്റേഡിയം വികസനം അനിശ്ചിതത്വത്തിലായി. നഗരസഭ നിലപാടിൽ പ്രതിഷേധിച്ച് എം.എൽ.എ. ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ഏകദിന സത്യാഗ്രഹം നടത്തി.രാവിലെ പത്തിന് തുടങ്ങിയ സത്യാഗ്രഹം വൈകുന്നേരം അഞ്ചിന് സമാപിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു.

സ്‌റ്റേഡിയം ജനങ്ങളുടെ വികാരമാണെന്നും ഇത് മാനിക്കാൻ നഗരസഭ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ, ജില്ലാ സ്‌പോർസ് കൗൺസിൽ പ്രസിഡന്റ് എ.അനിൽകുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ.അനീഷ്, കൗൺസിലർമാരായ പി.വി.അശോക് കുമാർ, എൻ.ആർ.ജോൺസൺ, ടി.ആർ.ശുഭ, സക്കീർ ഹുസൈൻ, ടി.കെ.ജി.നായർ തുടങ്ങിയവർ പ്രസംഗിച്ചു. എം.എൽ.എ.യ്ക്ക് പിന്തുണയുമായി എൽ.ഡി.എഫ്. നേതാക്കളും നഗരസഭയ്ക്ക് പിന്തുണയുമായി യു.ഡി.എഫ്. നേതാക്കളും രംഗത്തെത്തിയതോടെ മുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ തർക്കമായി സ്‌റ്റേഡിയം മാറി.

മന്ത്രിക്ക് നൽകിയ ഉറപ്പ് നഗരസഭ ലംഘിച്ചു: വീണാജോർജ്

രണ്ടുവർഷം മുമ്പുള്ള ബഡ്ജറ്റിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ലാ സ്റ്റേഡിയത്തിന് സംസ്ഥാന സർക്കാർ 50 കോടി അനുവദിച്ചത്. സ്റ്റേഡിയത്തിന് കെ.കെ.നായരുടെ പേര് നല്കണം, ഭരണസമിതിയിൽ നഗരസഭയുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണം എന്നിയാവശ്യങ്ങളാണ് നഗരസഭ മുന്നോട്ട് വെച്ചത്. കഴിഞ്ഞ ബുധനാഴ്ച കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ നഗരസഭാ ചെയർപേഴ്‌സൺ, ഭരണസമിതി അംഗങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചതാണ്. ഇതിനെ തുടർന്ന് നിർമ്മാണ കരാറിൽ ഒപ്പിടാമെന്ന് നഗരസഭാ അധികൃതർ മന്ത്രിയ്ക്ക് ഉറപ്പുനല്കിയതുമാണ്. ഇതിന് ശേഷമാണ് പുതിയ വാദങ്ങൾ നിരത്തി നഗരസഭ നിലപാട് വീണ്ടും മാറ്റുന്നത്.

കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിാക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്ക് ട്രാക്ക്, ഫുട്‌ബോൾ - ഹോക്കി സ്‌റ്റേഡിയം, നീന്തൽകുളം, വോളിബോൾ കോർട്ട് എന്നിവയടങ്ങിയതാണ് പുതിയ സ്റ്റേഡിയം. രാഷ്ട്രീയം നോക്കിയാണ് നഗരസഭ വികസന പ്രവർത്തനങ്ങളോട് മുഖം തിരിക്കുന്നതെന്ന് വീണാ ജോർജ് എം.എൽ.എ. പറഞ്ഞു.

നഗരസഭയുടെ അധികാരം കവർന്നെടുക്കാൻ അനുവദിക്കില്ല: ഗീതാസുരേഷ്

അന്താരാഷ്ട്ര നിലവാരത്തിനുള്ള സ്റ്റേഡിയം നിർമ്മാണത്തിനുള്ള ധാരണാ പത്രത്തിൽ ഒപ്പിടാൻ തയ്യാറാണ്. പക്ഷെ നഗരസഭയുടെ പരമാധികാരം ഇല്ലാതാക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ കരാറിൽ നിന്നൊഴിവാക്കണമെന്ന് നഗരസഭാ അദ്ധ്യക്ഷ ഗീതാ സുരേഷ് വ്യക്തമാക്കി. നിലവിൽ നഗരസഭയുടെ കൈവശമുള്ള സ്റ്റേഡിയം സർക്കാരിന് കൈമാറണമെന്നാണ് കരാറിലെ വ്യവസ്ഥ. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കാണ് സ്റ്റേഡിയത്തിന്റ് ഉടമസ്ഥതാവകാശം വ്യവസ്ഥ ചെയ്യുന്നത്. ഇത് അംഗീകരിക്കാൻ പ്രയാസമാണ്. ഇക്കാര്യം കായിക മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ വ്യക്തമാക്കിയതാണ്. കൂടാതെ സ്‌റ്റേഡിയം നടത്തിപ്പ് ഉപസമിതിയിൽ നഗരസഭയ്ക്ക് മുൻതൂക്കം വേണമെന്നും ആവശ്യപ്പെട്ടതാണ്. ഈ വ്യവസ്ഥകൾ അംഗീകരിക്കാതെ നഗരസഭയുടെ ഉടസ്ഥതയിലുള്ള സ്ഥലം വിട്ടുനല്‌കേണ്ടയെന്നാണ് കൗൺസിൽ തീരുമാനമെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി.