manal
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയ മുളക്കുഴയിൽ നിന്നും മണ്ണ് കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറികൾ

ചെങ്ങന്നൂർ: മണ്ണുമാഫിയയുടെ ചൊൽപ്പടിയിലാണ് ചെങ്ങന്നൂരിലെ പൊലീസ്. അനധികൃത മണ്ണെടുപ്പിനെതിരെ അവർ കണ്ണടയ്ക്കും. ഒരുകാലത്ത് ബോക്സൈറ്റ് കലർന്ന മണ്ണിന് പേരുകേട്ട മുളക്കുഴ പഞ്ചായത്തിലെ പല കുന്നുകളും അപ്രത്യക്ഷമായി. വൻതോതിലുള്ള മണ്ണെടുപ്പ് മൂലം ജലക്ഷാമം രൂക്ഷമാണ്.

മുളക്കുഴ പഞ്ചായത്തിലാണ് മണ്ണെടുപ്പ് ഏറ്റവും രൂക്ഷം.മണ്ണെടുക്കുന്ന പ്രദേശങ്ങളിലെ ഭൂഗർഭ ജലം വൻതോതിൽ വലിയുകയാണ്. നീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നതിനാൽ ആലാ, വെണ്മണി, തിരുവൻവണ്ടൂർ, പാണ്ടനാട്, മുളക്കുഴ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്.

ആർ.ഡി.ഒ യുടെ നിർദ്ദേശപ്രകാരം താലൂക്കിൽ അനധികൃത മണ്ണെടുപ്പിനും, മണൽവാരലിനും പാറഖനനത്തിനും എതിരെ തഹസിൽദാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് മാത്രമാണ് മണൽമഫിയയ്ക്ക് ഭീഷണി.

പൊലീസ് നിർജ്ജീവമാണെങ്കിലും റവന്യുവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് അനധികൃത മണ്ണെടുപ്പിനെതിരെ നടപടി സ്വീകരിക്കുന്നുണ്ട്.മുളക്കുഴ സെഞ്ച്വറി ജംഗ്ഷനു സമീപം സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് കഴിഞ്ഞ ദിവസം അനധികൃതമായി മണ്ണ് ഖനനം നടത്തിയ 2 ടിപ്പറുകളും ഒരു മണ്ണുമാന്തിയന്ത്രവും ചെങ്ങന്നൂർ ആർ.ഡി.ഒ അതുൽ സ്വാമിനാഥിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയിരുന്നു. മാവേലിക്കര പാലമേൽ വില്ലേജിൽ നിന്ന് ഒരു ടിപ്പറും ഒരു മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തിരുന്നു. ആലാ വില്ലേജ് ഒാഫീസർ കെ.ആർ മോഹനകുമാർ, ഉദ്യോഗസ്ഥരായ ലൈസിൽ, രാംരാജ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
ഒരു മാസത്തിനുളളിൽ മണൽകടത്താനുപയോഗിച്ച ഇരുപത്തിയഞ്ചിലധികം വാഹനങ്ങളും മണ്ണുമാന്തിയന്ത്രങ്ങളുമാണ് റവന്യൂ സംഘം പിടികൂടിയത്

---

സ്മാർട്ടായി റവന്യൂ സ്ക്വാഡ്

ഒരു മാസത്തിനുള്ളിൽ പിടികൂടിയത് 25ൽ അധികം വാഹനങ്ങൾ