പന്തളം: പുരാതനമായ പെരുമ്പുളിക്കൽ വരിക്കോലിൽ കുടുംബ വീട് കത്തിയതിൽ ദുരൂഹതയുണ്ടെന്ന് വരിക്കോലിൽ കുടുംബ ട്രസ്റ്റ് പ്രസിഡന്റ് കെ.പി. ജയപ്രകാശ്, സെക്രട്ടറി കെ. ഗോപകുമാർ എന്നിവർ പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള വീടിന് വെള്ളിയാഴ്ച രാത്രി പത്തിനാണ് തീപിടിച്ചത്. അടൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പന്തളം പൊലീസും നാട്ടുകാരും ചേർന്നു രണ്ടു മണിക്കൂർ നടത്തിയ ശ്രമത്തിലാണ് തീയണച്ചത്. വീട് പൂർണ്ണമായും കത്തിയമർന്നു. മൂന്നു കോടിയിലേറെ നഷ്ടമുള്ളതായാണ് കണക്കാക്കുന്നത്.
1200 വർഷത്തിലധികം പഴക്കമുള്ള അറയും നിരയും ഉള്ളതും തേക്കിൻ തടിയിൽ പണിതിട്ടുള്ളതുമായ വീടായിരുന്നു. ആൾത്താമസവും വൈദ്യുതി കണക്ഷനുമില്ലായിരുന്നു. വീടിനോടു ചേർന്ന് മൂർത്തിക്കാവും യോഗീശ്വരന്റെ ശ്രകോവിലുമുണ്ട്. വൈകുന്നേരങ്ങളിൽ കുടുംബാംഗങ്ങൾ ദർശനത്തിന് വരാറുണ്ടെങ്കിലും 6 മണി കഴിഞ്ഞ് ഇവിടേക്ക് ആരും പ്രവേശിക്കാറില്ല. സമീപ വീട്ടിലെ യുവാവാണ് ഇവിടെ വിളക്കു കൊളുത്തുന്നത്. പത്തനംതിട്ടയിൽ നിന്നുള്ള സയന്റിഫിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി.
അടൂർ ഡിവൈ.എസ് .പി ആർ. ജോസ്, പന്തളം സി.ഐ ഇ.ഡി. ബിജു, എസ്.ഐ ബി. സജീഷ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.