കുന്നന്താനം: പ്രളയാനന്തരമുള്ള രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ ജില്ലയിൽ കൂടുതൽ സഹായവും പിന്തുണയും നൽകിയത് വ്യവസായ വകുപ്പും വ്യവസായ സംരംഭകരുമാണെന്ന് മാത്യു.ടി.തോമസ് എം.എൽ.എ പറഞ്ഞു. കുന്നന്താനം വ്യവസായ വികസന പ്ലോട്ടിൽ എസ്റ്റേറ്റ് ഓഫീസിന്റെ നിർമാണോദ്ഘാടനവും വ്യവസായ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുന്നന്താനം വ്യവസായ വികസന പ്ലോട്ടിലേക്ക് മാത്രമായി മാർച്ചോടു കൂടി ഡെഡിക്കേറ്റഡ് കേബിൾ ലൈൻ എത്തുമ്പോൾ വൈദ്യുത തകരാറുകൾ പൂർണമായും പരിഹരിക്കപ്പെടുമെന്നും തിരുവല്ലയിൽ ജലവിതരണത്തിനായി ഡെഡിക്കേറ്റഡ് കേബിളിനു വേണ്ടിയുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അദ്ധ്യക്ഷയായിരുന്നു. മലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുഭായി മോഹൻ, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണകുറുപ്പ്, ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ശശികുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എൻ മോഹനൻ, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് മോർലി ജോസഫ്, കെ.ഐ.ഡി.പി.ഇ.എ സെക്രട്ടറി പി.എ അലക്‌സാണ്ടർ, കെ.എസ്.എസ്.ഐ.എ താലൂക്ക് പ്രസിഡന്റ് സണ്ണി ചാക്കോ, എ.ഡി.ഐ.ഒ പ്രതിനിധി എസ്.കെ ഷമ്മി, ബെന്നി പാറേൽ തുടങ്ങിയവർ പങ്കെടുത്തു.