varikolil

പന്തളം: ചരിത്രമുറങ്ങുന്ന പെരുമ്പുളിക്കലിലെ പൈതൃക സ്മാരകമായ 1200ലേറെ വർഷം പഴക്കമുള്ള വരിക്കോലിൽ തറവാട് കത്തിയമർന്നുവെന്നത് ഇനിയും നാട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല. രണ്ടു ദിവസം മുമ്പു രാത്രിയിൽ ഒരു തീഗോളമായി തറവാട് മാറിയപ്പോൾ നാടിന്റെ പഴമയുടെ ശേഷിപ്പുകളാണ് ഒരുപിടി ചാരമായി പറന്നത്.
ചെന്നീർക്കര സ്വരൂപം വീരഭദ്രന്റെ പിന്മുറക്കാരാണ് വരിക്കോലിൽ കുടുംബം. 9 ശാഖകളായി അയ്യായിരത്തിലേറെയുള്ള കുടുംബാംഗങ്ങളാണുള്ളത്. കുടുംബത്തിന്റെ സ്ഥാപകനായ കാരണവരെ യോഗീശ്വരനായി ഇവിടെ കുടിയിരുത്തിയിരിക്കുന്നു. കുടുംബാംഗങ്ങൾക്ക് തറവാട് ആരാധനാലയമാണ്. തറവാടിന്റെ അധീനതയിൽ നാല് ക്ഷേത്രങ്ങളുമുണ്ട്. ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും കൊടിയും കുടയുമെല്ലാം സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. 100 ഏക്കർ പുരയിടവും 100 ഏക്കർ നിലവും കുടുംബത്തിനുണ്ട്.
മുതിർന്ന കാരണവർ ഇവിടെ താമസിച്ചാണ് ആദ്യകാലങ്ങളിൽ ഭരണം നടത്തിയിരുന്നത്. പിന്നീട് വരിക്കോലിൽ കുടുംബ ട്രസ്റ്റ് ഭരണം ഏറ്റെടുത്തു. തറവാട് നോക്കുന്നതിനും മുടങ്ങാതെ വിളക്ക് തെളിക്കുന്നതിനുമായി ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹവും കുടുംബവും ഇവിടെ താമസിച്ചാണ് അതു നിർവ്വഹിച്ചത്. ചുമതലക്കാരന്റെ മരണത്തോടെ താമസമില്ലാതായി. അതോടെ ട്രസ്റ്റ് ഓഫീസിന് സമീപം സ്‌ട്രോംഗ് റൂം പണിത് തിരുവാഭരണങ്ങൾ അവിടേക്കു മാറ്റി.
മഹാവിഷ്ണു ക്ഷേത്രം, പൗവ്വത്തുമലനട ശിവക്ഷേത്രം, താഴത്തുവീട്ടിൽ ഭഗവതിക്ഷേത്രം, നാഗരാജ നാഗയക്ഷിയമ്മ ക്ഷേത്രം എന്നീ നാലു ക്ഷേത്രങ്ങളാണ് തറവാടിന്റെ അധീനതയിലുള്ളത്. മൂന്ന് ഏക്കർ നിബിഢമായ വനത്തിലാണ് നാഗക്ഷേത്രം. മൂർത്തിക്കാവിൽ അച്ഛനെയും മകനെയും യോഗീശ്വരന്മാരായി കുടിയിരുത്തിയിട്ടുണ്ട്. എൽ.പി, യു.പി വിഭാഗങ്ങളിലായി രണ്ടു സ്‌കൂളുകളും തറവാട് നടത്തുന്നുണ്ട്. നാടിന്റെ ആത്മീയ, വിദ്യഭ്യാസ കാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന തറവാടിന്റെ മൂലസ്ഥാനമാണ് ദുരൂഹമായ സാഹചര്യത്തിൽ അഗ്‌നിക്കിരയായത്.
കെ.പി. ജയപ്രകാശ് പ്രസിഡന്റും കെ.ഗോപകുമാർ സെക്രട്ടറിയുമായി പുതിയ ഭരണസമിതി കഴിഞ്ഞ ആഴ്ചയാണ് ചുമതലയേറ്റത്.