മൂന്നു ഷിഫ്ടുകളിലേക്ക് 9 ലാബ് ടെക്നിഷ്യൻമാരും 60 സ്റ്റാഫ് നഴ്സുമാരുമാണുളളത്
പത്തനംതിട്ട: സൂപ്രണ്ടും ആവശ്യത്തിന് നഴ്സുമാരും ലാബ് ടെക്നിഷ്യൻമാരും ഇല്ലാതായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ലാബ് പരിശോധന ഫലം വൈകുന്നതിനാൽ രോഗികളും നഴ്സുമാരും തമ്മിൽ തർക്കമുണ്ടാകുന്നതും പതിവായി. ആഴ്ചയിലെ അവധി പോലും ഉപേക്ഷിച്ചാണ് ലാബ് ടെക്നിഷ്യൻമാർ ജോലി ചെയ്യുന്നത്. കല്ല്യാണത്തലേന്നും ഒരു ലാബ് ടെക്ന്യനിഷ്യന് ജോലി ചെയ്യേണ്ടി വന്നു. അമിത ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നഴ്സുമാരും ലാബ് ടെക്നിഷ്യൻമാരും പ്രതിഷേധിച്ചെങ്കിലും അധികൃതർ നിസഹായത അറിയിച്ചു.
ആശുപത്രിയുടെ നാഥനായ സൂപ്രണ്ട് ഇല്ലാതായിട്ട് മൂന്നു മാസമായി. മുൻ സൂപ്രണ്ട് ഡോ.ശ്രീലത ആരോഗ്യ വകുപ്പിലെ വിജിലൻസ് വിഭാഗം അഡീഷണൽ ഡയറക്ടറായി സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറിപ്പോയത് നവംബർ ഏഴിനാണ്. പകരം സൂപ്രണ്ടിനെ ഇതുവരെ നിയമിച്ചിട്ടില്ല. ഡെപ്യൂട്ടി സൂപ്രണ്ടും ആർ.എം.ഒയും ചേർന്നാണ് ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ലാബ് ടക്നിഷ്യൻമാരെയും നഴ്സുമാരെയും താൽക്കാലികമായി നിയമിക്കാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റിക്ക് അധികാരമുണ്ട്. കഴിഞ്ഞയാഴ്ച ലാബ് ടെക്നിഷ്യൻമാരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് സുതാര്യമായിട്ടല്ലെന്ന് മാനേജിംഗ് കമ്മറ്റി യോഗങ്ങളിൽ ആക്ഷേപമുയർന്നതോടെ താൽക്കാലിക നിയമനങ്ങൾ നടക്കാതെയായി.
ശസ്ത്രക്രിയകളെ ബാധിക്കുന്നു
ജനറൽ ആശുപത്രിക്ക് സ്റ്റാഫ് നഴ്സുമാരുടെ 77 തസ്തികയാണ് അനുവദിച്ചിട്ടുളളത്. 17 നഴ്സുമാരുടെ കുറവാണ് ഇപ്പോഴുളളത്. നിലവിലുളള അറുപത് പേർ മൂന്ന് ഷിഫ്റ്റുകളിലായാണ് ജോലി ചെയ്യുന്നത്. പുതിയ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിച്ചതോടെ നാൽപ്പതു നഴ്സുമാരെക്കൂടി ആവശ്യമുണ്ട്.
നഴ്സുമാരുടെ കുറവ് ശസ്ത്രക്രിയകൾ, കാർഡിയോളജി, ഡയാലിസിസിന്റെ മൂന്നാം ഷിഫ്റ്റ് തുടങ്ങിയ പ്രധാനപ്പെട്ട വിഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്. അപകടത്തിലും മറ്റും ഗുരുതരമായി പരിക്കേൽക്കുന്നവരെ ശസ്ത്രക്രിയക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിടേണ്ട അവസ്ഥയാണ്.
.....
പരിശോധന ഫലം വൈകുന്നു
ആവശ്യത്തിനു ലാബ് ടെക്നിഷ്യൻമാരില്ലാത്തതിനാൽ . ചികിത്സക്കെത്തുന്നവർ ലാബ് ഫലം ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കണം. റിസൾട്ടുമായി ഡോക്ടറെ കാണാൻ ചെല്ലുമ്പോഴേക്കും ചികിത്സാ സമയം കഴിഞ്ഞിരിക്കും. ലാബ് റിസൾട്ട് ഡോക്ടറെ കാണിക്കാൻ രോഗികൾ അടുത്ത ദിവസം വീണ്ടും ആശുപത്രിയിലെത്തണം. 13ലാബ് ടെക്നിഷ്യൻമാരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഇപ്പോൾ ഒൻപതു പേരായി ചുരുങ്ങി. ഇവർ മൂന്നു ഷിഫ്ടിലായി ജോലി ചെയ്യുകയാണ്.
......
പുതുമോടിയിൽ ആശുപത്രി
ദൈനംദിന കാര്യങ്ങൾ തട്ടിമുട്ടി കഴിച്ചുകൂട്ടുമ്പോൾ ജനറൽ ആശുപത്രി പുതുമോടിയിലായി. ആർദ്രം പദ്ധതി പ്രകാരം 84 ലക്ഷം രൂപ ചെലവഴിച്ചുളള നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. രോഗികൾക്ക് പുതിയ കാത്തിരിപ്പ് സൗകര്യം പൂർത്തിയാകുന്നു. കമ്പ്യൂട്ടർവൽക്കൃത ടോക്കൺ പ്രകാരം ഇനി ഡോക്ടറെ കാണാം. ഡോക്ടർമാരുടെ മുറിക്കു മുന്നിൽ കൂടി നിൽക്കേണ്ടി വരില്ല. ഒരേ സമയം 200 പേർക്ക് ഇരിക്കാവുന്ന കാത്തരിപ്പ് കേന്ദ്രമാണ് നിർമിക്കുന്നത്. ഇവിടെ കുടിവെളളവും ടി.വിയുമുണ്ട്. ലാബിൽ പരിശോധന ഫലം ലഭിക്കാൻ സമീപത്തെ എക്സിറ്റ് കൗണ്ടറിൽ ഇരുന്നാൽ മതി. ആശുപത്രിയുടെ പ്രധാന ഗേറ്റ് ഒ.പി കൗണ്ടറിനു സമീപത്തേക്കു മാറ്റുകയാണ്.