അടൂർ : എൻ.എസ്.എസ്. അടൂർ താലൂക്ക് യൂണിയൻ നടപ്പിലാക്കിയ വിദ്യാഭ്യാസ ധനസഹായം, വിദ്യാഭ്യാസ സ്‌പോൺസർഷിപ്പ്, യൂണിയൻ സ്‌കോളർഷിപ്പ്, എൻഡോവ്‌മെന്റുകൾ, പ്രത്യേക സ്‌കോളർഷിപ്പുകൾ, റാങ്ക് ജേതാക്കൾക്കുള്ള അവാർഡ്, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം, കരയോഗ മന്ദിര നിർമ്മാണ ഗ്രാന്റ് എന്നിവ വിതരണംചെയ്തു. പഠിക്കാൻ സമർത്ഥരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികളെ കണ്ടെത്തി 8-ാം ക്ലാസ് മുതൽ അവരുടെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും യൂണിയൻ വഹിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് സ്‌പോൺസർഷിപ്പ്. താലൂക്ക് എൻ.എസ്.എസ്. യൂണിയൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻനായരുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രവർത്തക യോഗം എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്തു. ശബരിമല പുനഃപരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന ബുധനാഴ്ച സമീപത്തെ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തണമെന്ന എൻ.എസ്.എസ് ജനറൽസെക്രട്ടറിയുടെ ആഹ്വാനം എല്ലാ കരയോഗാംഗങ്ങളും പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.യൂണിയൻ സെക്രട്ടറി കെ.ജി.ജീവകുമാർ, യൂണിയൻ കമ്മിറ്റിയംഗങ്ങളായ സി.ആർ.ദേവലാൽ, കെ.ശിവൻകുട്ടിപിള്ള, മാനപ്പള്ളിൽ ബി.മോഹൻകുമാർ, എസ്.മുരുകേശ്, ജയചന്ദ്രൻ ഉണ്ണിത്താൻ, പ്രൊഫ.ജകുമാരി, ഡി.സരസ്വതിഅമ്മ പ്രതിനിധി സഭാംഗം ജി.വിജയകുമാരൻ നായർ, മേലൂട് അനിൽ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.