കോന്നി : വേനൽ കത്തിയെരിയുന്നതോടെ ഉൾവനങ്ങളും വനാന്തര ഗ്രാമങ്ങളും കാട്ടുതീ ഭീഷണിയിൽ. കുംഭച്ചൂട് 37 ഡിഗ്രി പിന്നിട്ടതോടെ ജില്ലയുടെ കിഴക്കൻ വനമേഖലയിലാണ് വ്യാപകമായി കാട്ടുതീ ഭീതി ഉയർന്നിരിക്കുന്നത്. ഉൾവനത്തിലുൾപ്പടെ കാട് കത്തിയെരിയുന്നുണ്ടെങ്കിലും കാര്യക്ഷമമായ ഇടപെടൽ നടത്താൻ വനം വകുപ്പ് അധികൃതർക്ക് കഴിയുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് വനമേഖലകളിൽ കാട്ടുതീ കാണപ്പെട്ടിരുന്നു. തുടക്കത്തിൽ അണയ്ക്ക്ക്കാൻ കഴിഞ്ഞതിനാൽ ദുരന്തങ്ങളുണ്ടായില്ല. മുൻ വർഷങ്ങളിൽ പടർന്നുപിടിച്ച തീ ദിവസങ്ങളോളം നീണ്ടുനിന്നിരുന്നു. ഏക്കറ് കണക്കിന് സ്ഥലത്തെ സസ്യജന്തുജാലങ്ങളും അഗ്നിക്കിരയായി.
ഫയർ വാച്ചർമാരില്ല
കോന്നി, റാന്നി ഫോറസ്റ്റ് ഡിവിഷനുകളിൽ കാട്ടുതീ തടയാൻ ഫയർ വാച്ചർമാരെ നിയമിക്കാറുണ്ടെങ്കിലും ഇത്തവണ ഇതും കാര്യമായി ഉണ്ടായിട്ടില്ല. നിലവിലുള്ള ജീവനക്കാരെയും വന സംരക്ഷണ സമിതികളെയും ആശ്രയിച്ചാണ് കാട്ടുതീ തടയാൻ വനംവകുപ്പ് ഇടപെടൽ നടത്തുന്നത്. എന്നാൽ പ്ലാന്റേഷൻ തോട്ടങ്ങളിൽ ഉൾപ്പെടെ തീ രൂപപ്പെടുമ്പോൾ ഇത് സമീപ വനമേഖലയിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിയാറില്ല.
ഫയർ ലൈനുകൾ തെളിച്ചില്ല...
തണ്ണിത്തോട്,മേടപ്പാറ, തേക്കുതോട്, തൂമ്പാക്കുളം, അതുമ്പുംകുളം, കൊക്കാത്തോട് മേഖലകൾ കാട്ടുതീ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്. ഇവിടെ ശാസ്ത്രീയമായ രീതിയിൽ ഫയർ ലൈനുകൾ തെളിയ്ക്കാൻ കഴിഞ്ഞിട്ടില്ല. ചിറ്റാർ, സീതത്തോട് പ്രദേശങ്ങളിലും കാട്ടുതീ തുടർച്ചയായി ഉണ്ടാകുന്നുണ്ട്. കാട്ടുതീയ്ക്ക് പുറമെ റബർ തോട്ടങ്ങളിലും തീ പിടിക്കുന്നുണ്ട്. തീ പടരാൻ സാദ്ധ്യത ഏറെയുള്ള പ്ളാന്റേഷൻ തോട്ടങ്ങളിൽ ഉൾപ്പടെ ഫയർ ലൈൻ വലിക്കുന്ന ജോലികൾ കാര്യക്ഷമമാക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വെള്ളം നിറയ്ക്കാൻ സൗകര്യമില്ല
വലിയ അഗ്നിബാധകളുണ്ടായാൽ അതിവേഗത്തിൽ ഫയർ എൻജിനുകളിൽ വെള്ളം നിറയ്ക്കുന്നതിനുള്ള സംവിധാനം ജില്ലയിൽ ഇല്ല. ജല അതോറിറ്റിയുടെ പൈപ്പിലൂടെ എത്തുന്ന വെള്ളം ടാങ്കറുകളിൽ നിറച്ച് സൂക്ഷിക്കുകയാണ് പതിവ്. അതുമല്ലെങ്കിൽ വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ എത്തി അനുവാദം വാങ്ങി വേണം വെള്ളം നിറയ്ക്കാൻ. ദുരന്തങ്ങളെ അതിജീവിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്ന നിയമമുണ്ടെങ്കിലും ജില്ലയിൽ പാലിക്കപ്പെടുന്നില്ല.