sabarimala

പത്തനംതിട്ട: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി ലംഘിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി. യുവതീ പ്രവേശനത്തേ തുടർന്ന് നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണം ആരാഞ്ഞ് ദേവസ്വം ബോർഡ് നൽകിയ നോട്ടീസിന് തന്ത്രി ഇന്നലെ നൽകിയ മറുപടിയാലാണ് ഇത് പറഞ്ഞത്.
ദേവസ്വം കമ്മിഷണറുടെ നോട്ടീസിലെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. മകരവിളക്കിനു നട തുറക്കുമ്പോൾ ശബരിമലയിൽ ശുദ്ധിക്രിയ നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നു. അക്കര്യം ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. ശബരിമലയിലെ ആചാരപരമായി ശരിയായ നടപടിയാണ് താൻ നിർവഹിച്ചിട്ടുള്ളത്. ശുദ്ധിക്രിയ സ്വാഭാവിക നടപടിയാണ്.
യുവതീ പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചശേഷം തന്ത്രി എക്‌സിക്യൂട്ടീവ് ഓഫീസറെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിച്ച് ആചാരപരമായ കാര്യങ്ങൾ നടത്തണമെന്നറിയിച്ചു. പുണ്യാഹവും ബിംബശുദ്ധിയും നടത്താൻ പോകുകയാണെന്നും 45 മിനിട്ട് ഇതു നീണ്ടുനിൽക്കുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യം തന്ത്രി തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഫോണിലും വിളിച്ച് അറിയിച്ചിരുന്നതായി പറയുന്നു.
തന്ത്രി കണ്ഠര് രാജീവർക്ക് നൽകിയ നോട്ടീസിന് അദ്ദേഹത്തിന്റെ മറുപടി ഇന്നലെ ലഭിച്ചതായി ദേവസ്വം കമ്മിഷണർ എൻ. വാസുവും പറഞ്ഞു. വിശദീകരണം ഇന്നു കൂടുന്ന ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്യും.