കനാൽ വൃത്തിയാക്കിയത് 4 വർഷം മുമ്പ്
ഒഴുക്ക് തടസപ്പെട്ട് വെള്ളം വശങ്ങളിലേക്ക് കവിഞ്ഞൊഴുകുന്നു
-----------------
കടമ്പനാട്: പതിവുപോലെ ഇത്തവണയും കെ.ഐ.പി അധികൃതർ കനാൽ വൃത്തിയാക്കിയില്ല. വെള്ളം തുറന്നുവിടുകയും ചെയ്തു. കടമ്പനാട് ഗ്രാമപഞ്ചായത്ത് പതിന്നാറാം വാർഡിലെ ഉപകനാലിലൂടെയാണ് വെള്ളം ഒഴുകുന്നത്. കാടുവളർന്ന് ക്ഷുദ്രജീവികളുടെ താവളമായി മാറിയതാണ് കനാൽ.
നാലുവർഷമായി ഇതുതന്നെയാണ് സ്ഥിതി. ഇത്തവണ ഫെബ്രുവരി ഒന്നിന് വെളളം ഒഴുക്കിവിടുന്നതിനു മുമ്പ് കനാൽ വൃത്തിയാക്കണമെന്ന് കെ.എെ.പി (കല്ലട ഇറിഗേഷൻ പ്രൊജക്ട്) കനാൽ വിഭാഗം രണ്ടു മാസം മുമ്പ് ഗ്രാമപഞ്ചായത്തിനു നോട്ടീസ് നൽകിയിരുന്നു. മിക്ക വാർഡുകളിലും താെഴിലുറപ്പുകാർ കനാലും തീരവും വൃത്തിയാക്കി.
എന്നാൽ, പതിനാറാം വാർഡിൽ മെയിൻ കനാലും ഉപകനാലുകളും കടുകയറിക്കിടക്കുകയാണ്. പാഴ് മരങ്ങൾ ആൾപ്പൊക്കത്തേക്കാൾ വളർന്നു. പാഴ്ച്ചെടികളും വിഷമുളളുകളും വളർന്നുപന്തലിച്ചു കിടക്കുന്നു.
കനാൽ വൃത്തിയാക്കാത്തതു കാരണം വെളളം മുന്നോട്ടൊഴുകാതെ തീരംകവിഞ്ഞൊഴുകുകയാണ്. ഇരുഭാഗത്തുമുളള വീട്ടുമുറ്റങ്ങളിൽ വെള്ളം കെട്ടിനിന്ന് മലിനീകരണ ഭീഷണി ഉയർത്തുന്നു. ചില വീടുകളിലെ പറമ്പുകളിൽ വെളളം കെട്ടിനിൽക്കുന്നത് റബർ ടാപ്പിംഗിനു തടസമായി. കനാലിലൂടെ ഒഴുകിവരുന്ന മാംസാവശിഷ്ടങ്ങളും മറ്റും കാടുകയറിയ ഭാഗങ്ങളിൽ തങ്ങിക്കിടക്കുകയാണ്.
വെളളം നിറഞ്ഞു കിടക്കുന്നതിനാൽ കനാൽ ശുചീകരണം സാദ്ധ്യമല്ലാതെവരും. ഒഴുക്കുനിറുത്തി കനാൽ ശുചീകരിച്ച ശേഷം വീണ്ടും വെളളം തുറന്നുവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.