പത്തനംതിട്ട : ജില്ലയിലെ പുതിയ പ്ലാനിംഗ് ഓഫീസ് കളക്ടറേറ്റ് പരിസരത്ത് ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. പ്ളമ്പിംഗും വൈദ്യുതീകരണവും ഒഴിച്ചുള്ള പണികൾ പൂർത്തിയായി. ഇഴഞ്ഞു നീങ്ങിയ കെട്ടിടം നിർമാണത്തിന് രണ്ടു തവണ കാലപരിധി നീട്ടി നൽകിയിരുന്നു. ഒാഫീസ് ഈ വർഷം പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് അധികൃതർ പറയുന്നു.
2015 നവംബറിൽ സ്ഥലം കൈമാറ്റം നടത്തി തറക്കല്ലിട്ട ഓഫീസ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത് 2016 ജനുവരിയിലാണ്. 2017 മാർച്ചിന് മുമ്പായി പണി തീർക്കണമെന്നായിരുന്നു കരാർ. എന്നാൽ ക്വാറി ഉല്പന്നങ്ങളുടെ ക്ഷാമം കാരണം വീണ്ടും കാലാവധി നീട്ടി നല്കുകയായിരുന്നു.
ആറ് നിലകെട്ടിടത്തിൽ താഴത്തെ നിലയും തൊട്ടു മുകളിലെ നിലയുടെ പകുതിയും പാർക്കിംഗിന് നൽകും. തുടർന്നുളള മൂന്നു നിലകൾ ഒാഫീസുകളാണ്.
ആറാം നില കോൺഫറൻസ് ഹാളായി ഉപയോഗിക്കും. ഇതുവരെയുള്ള പണികൾക്ക് എട്ടേകാൽ കോടി രൂപയാണ് ചെലവായത്. കേന്ദ്ര സർക്കാരിന്റെ വൺ ടൈം എ.എസ്.എ പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ബാക്കി പണി പൂർത്തീകരിക്കാൻ ഇനി രണ്ട് കോടി രൂപ കൂടി വേണമെന്നാണ് അധികൃതർ പറയുന്നത്. രണ്ട് മാസത്തിനുള്ളിൽ ലിഫ്റ്റ്, ജലവിതരണം എന്നിവയ്ക്കായി ടെൻഡർ നടക്കും.
.....
'' പ്ളാനിംഗ് ഓഫീസ് പൂർണമാകണമെങ്കിൽ മൂന്ന് വിംഗുകൾ ഒരുമിക്കണം. പ്ലാനിംഗ് ഓഫീസ്, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണത്, പദ്ധതി ആസൂത്രണം ചെയ്യണമെങ്കിൽ ഈ മൂന്ന് വിഭാഗങ്ങളും ഒരുമിച്ച് ഉണ്ടെങ്കിലെ സാധിക്കൂ. നിലവിൽ പ്ലാനിംഗ് ഓഫീസ് കളക്ടറേറ്റിലും ബാക്കി രണ്ട് വിഭാഗങ്ങൾ മിനി സിവിൽ സ്റ്രേഷനിലും ആണ് പ്രവർത്തിയ്ക്കുന്നത്. ഇത് പദ്ധതി രൂപീകരണത്തെ ബാധിക്കും. കെട്ടിടം പൂർത്തിയായൽ പ്രശ്നത്തിന് പരിഹാരമാകും ''
പ്ലാനിംഗ് ഓഫീസ് അധികൃതർ
ആകെ ജീവനക്കാർ
പ്ലാനിംഗ് ഓഫീസ് :18
ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് :23
എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് : 22
>> 8.25 കോടി രൂപയുടെ പദ്ധതി
.