മല്ലപ്പള്ളി മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ നാട്ടുകാർ രംഗത്ത്. ഇന്നലെ കോട്ടയത്തുനിന്ന് മല്ലപ്പള്ളി വഴി പത്തനാപുരത്തേക്ക് നിറയെ യാത്രക്കാരുമായി പോയ ബസ് പ്രഭാത ഭക്ഷണം കഴിക്കാനായി വൈ.എം.സി.എ. ജംഗ്ഷനാണ് തിരഞ്ഞെടുത്തത്. അമ്പതോളം വരുന്ന യാത്രക്കാർ ആഹാരം കഴിക്കുന്നതിനായി ഉപയോഗിച്ച പ്ലാസ്റ്റിക് ഗ്ലാസ്, പ്ലേറ്റ് , ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ സമീപത്തെ പുരയിടത്തിലും ഓടയിലുമാണ് ഇട്ടത്. ഇതുകണ്ട നാട്ടുകാരൻ മൊബൈൽ ഫോണിൽ ചിത്രമെടുത്ത് പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. പ്രസിഡന്റ് വാഹന വകുപ്പ് അധികൃതർക്ക് പരാതി കൈമാറി. ഉടൻതന്നെ ബസ് ഉടമയെ കണ്ടെത്തി തുടർ നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ മാലിന്യം സ്വന്തംനിലയിൽ നീക്കം ചെയ്യണമെന്ന് നീർദ്ദേശം നൽകി. ഉടമ ബസ് ജീവനക്കാരെ മൊബലിലൂടെ വിവരം ധരിപ്പിക്കുകയും ബസ് തിരികെ വന്ന് യാത്രക്കാർ ഉപേക്ഷിച്ച മാലിന്യം തിരിച്ചെടുക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് കണ്ടെത്തുന്നവർക്ക് ഗ്രാമപഞ്ചായത്ത് കമ്മിറ്റി പാരിതോഷികം പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി ആളുകൾ ചിത്രങ്ങളും വീഡിയോകളുമായി പഞ്ചായത്തിനെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. പരിയാരം റോഡിൽ മാലിന്യം തള്ളുന്നതിനെക്കുറിച്ച് തെളിവ് സഹിതം പരാതി നൽകിയ യുവാക്കൾക്ക് ഗ്രാമപഞ്ചായത്ത് കഴിഞ്ഞദിവസം പാരിതോഷികം നൽകിയിരുന്നു.