prds

തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 141-ാം ജന്മദിനമഹോത്സവം പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) 13 മുതൽ 19വരെ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ആഘോഷിക്കും.13ന് രാവിലെ 8.30ന് പ്രത്യേക പ്രാർത്ഥനയ്ക്കുശേഷം സഭാ പ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റും. തുടർന്ന് അടിമസ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന. നാലിന് പൊയ്ക പ്രദക്ഷിണത്തിനുശേഷം എട്ടുകരസമ്മേളനം സഭാപ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. എട്ടുകര കൺവീനർ സി.കെ.ജ്ഞാനശീലൻ അദ്ധ്യക്ഷനാകും. സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ മുഖ്യപ്രഭാഷണവും ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്‌കരൻ അനുഗ്രഹപ്രഭാഷണവും നടത്തും. 14ന് രാവിലെ 10.30ന് സെമിനാർ, വൈകിട്ട് 7ന് യുവജനസംഘം പ്രതിനിധിസംഗമം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. 15ന് 10ന് സെമിനാർ, രാത്രി 8ന് ഗുരുകുലശ്രേഷ്ഠൻ ഇ.ടി.രാമന്റെ അദ്ധ്യക്ഷതയിൽ മതസമ്മേളനം ആദിതിരുവള്ളുവർ മഠാധിപതി ശിവാചാര്യൻ ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ കുമാരദാസസംഘം പ്രത്യേകയോഗം. 10.30ന് സഭ എംപ്ലോയീസ് ഫോറം സമ്മേളനം പി.കെ.ബിജു എം.പി ഉദ്ഘാടനം ചെയ്യും. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 4ന് നെല്ലാട് ജംഗ്ഷനിൽ നിന്ന് ശ്രീകുമാരഗുരുദേവ മണ്ഡപത്തിലേക്ക് ഭക്തിഘോഷയാത്ര. രാത്രി 8ന് പൊതുസമ്മേളനം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ മുഖ്യാതിഥിയാകും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യപ്രഭാഷണം നടത്തും. സപ്ലിമെന്റ് പ്രകാശനം ആന്റോ ആന്റണി എം.പിനിർവ്വഹിക്കും. 17ന് രണ്ടിന് ജന്മദിനസമ്മേളനം മന്ത്രി ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യാതിഥിയാകും. വൈകിട്ട് 5ന് മഹിളാ സമ്മേളനം വീണാജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. രാത്രി 7ന് വിദ്യാർത്ഥിയുവജന സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. 19ന് വൈകിട്ട് 5ന് ശ്രീകുമാരഗുരുദേവ മണ്ഡപത്തിലെ പ്രത്യേക പ്രാർത്ഥനയ്ക്കുശേഷം കൊടിയിറക്കും. വാർത്താസമ്മേളനത്തിൽ സഭാ പ്രസിഡന്റ് വൈ.സദാശിവൻ, ജനറൽസെക്രട്ടറി ചന്ദ്രബാബു കൈനകരി, ട്രഷറർ കെ.മോഹനൻ, ജോ.സെക്രട്ടറി കെ.ടി.വിജയൻ ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്‌കരൻ, മീഡിയാ കൺവീനർ വി.കെ.ചെല്ലകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

ഇത്തവണ വെടിക്കെട്ടില്ല

തിരുവല്ല: കഴിഞ്ഞവർഷം ഉണ്ടായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലും സഭാ ആസ്ഥാനത്തെ സ്ഥലപരിമിതിയും കണക്കിലെടുത്ത് ജന്മദിന മഹോത്സവത്തിന് വെടിക്കെട്ട് ഉണ്ടാകില്ലെന്ന് സഭാ പ്രസിഡന്റ് വൈ.സദാശിവൻ അറിയിച്ചു.