കോഴഞ്ചേരി : ജനോപകാരപ്രദമാകണം വികസനം എന്ന കാഴ്ചപ്പാടിലൂന്നി കുതിക്കാനൊരുങ്ങുകയാണ് ആറന്മുള വാസ്തുവിദ്യാഗുരുകുലം. ഇതിനായി പഠന - സാങ്കേതിക രംഗങ്ങളിൽ നിലവിലുള്ള അംഗീകൃത സംവിധാനങ്ങളും സർക്കാർ വകുപ്പുകളുമായി ചേർന്ന് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മുൻ രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ ചെയർമാനും വാസ്തുവിദ്യാഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ സെക്രട്ടറിയും ജില്ലാ കളക്ടർ ട്രഷററുമായുള്ള ഭരണ സമിതിയാണ് ഗുരുകുലത്തെ നയിക്കുന്നത്. ആറന്മുള എം.എൽ.എ വീണാ ജോർജ് , ആർക്കിയോളജിക് സർവ്വെ ഒഫ് ഇന്ത്യ ഡയറക്ടർ ജനറൽ, സംസ്ഥാന ആർക്കിയോളജി വകുപ്പ് ഡയറക്ടർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി തുടങ്ങി നിരവധി പ്രമുഖർ സമിതി അംഗങ്ങളാണ്.
പ്രാദേശിക കേന്ദ്രങ്ങൾ
കൂടുതൽ മേഖലകളിലേക്ക് സേവനങ്ങൾ എത്തിക്കുന്നതിനായി എട്ട് പ്രാദേശിക കേന്ദ്രങ്ങൾ ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഉടൻ തന്നെ ആരംഭിക്കാനും അടുത്ത അദ്ധ്യയന വർഷം മുതൽ കൺസൾട്ടൻസി സേവനം ലഭ്യമാക്കാനുമാണ് തീരുമാനം.
അക്കാദമിക പ്രവർത്തനം
എൻജിനിയർമാർക്കായി വാസ്തുവിദ്യയിൽ ഡിപ്ലോമ, ചുവർ ചിത്രരചനയിൽ ഡിപ്ലോമ തുടങ്ങിയ കോഴ്സുകളാണ് ഇപ്പോൾ നടത്തുന്നത്. അക്കാദമിക രംഗത്ത് കാലോചിതമായ മാറ്റം വരുത്താനും പുതിയ കോഴ്സുകൾ തുടങ്ങാനുമാണ് ഗവേണിംഗ് കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. പുരാലിഖിത (എപ്പി ഗ്രാഫി) പഠനത്തിൽ ഒരു വർഷ ഡിപ്ലോമ, പുരാതന നിർമ്മിതികളെപ്പറ്റിയുള്ള പഠനം, പരിപാലനം, പൈതൃക സംരക്ഷണം, ദ്രവീഡിയൻ ആർക്കിടെക്ചർ എന്നിവ ഉൾപ്പെടുത്തിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ എന്നിവയാണ് ഉടൻ ആരംഭിക്കുന്ന കോഴ്സുകൾ. പുരാരേഖകളെപ്പറ്റിയുള്ള പഠനത്തിൽ സംസ്കൃതത്തിന് വലിയ പ്രാധാന്യമുണ്ട്. ഇത്തരത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ വിവിധ സർവ്വകലാശാലകളുമായി ചേർന്ന് പഠനങ്ങൾ നടത്തുവാനും ഭാവിയിൽ ഗവേഷണ രംഗത്തേക്ക് കടക്കാനുമാണ് ലക്ഷ്യമിടുന്നത്.
നിർമാണ, നിർവഹണ രംഗം
നിർമാണ രംഗത്ത് വാസ്തുവിദ്യ, തച്ചുശാസ്ത്രം എന്നീ മേഖലകളിൽ ഉയർന്ന സാങ്കേതികജ്ഞാനമാണ് വാസ്തുവിദ്യാഗുരുകുലത്തിനുള്ളത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി എണ്ണായിരത്തോളം നിർമ്മിതികൾക്കായി ഗുരുകുലം കൺസൾട്ടൻറായി പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ മൂവായിരത്തോളം ക്ഷേത്രങ്ങൾ ഉൾപ്പെടുന്നു. ഊരാളുങ്കൽ സൊസൈറ്റി പോലെ നിർമ്മാണ നിർവഹണ രംഗത്തേക്കും ഗുരുകുലം ഉടൻ കടക്കും. ടൂറിസം, വനം, പുരാവസ്തു വകുപ്പുകളുമായി ബന്ധപ്പെട്ട് പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം, ചരിത്രപ്രദർശനം, പൊതുപരിപാടികളിൽ തത്സമയ ചുവർചിത്രരചന എന്നിങ്ങനെ വിവിധ പദ്ധതികളും പരിപാടികളും ഏറ്റെടുത്ത് തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കുമായി ആറന്മുളയിൽ പൈതൃക മ്യൂസിയം, ആറന്മുള കണ്ണാടി, കളിമൺ ശില്പങ്ങൾ, ലോഹ നിർമ്മിതികൾ എന്നിവയുടെ മാതൃകാ നിർമ്മാണ ശാലകൾ, വിശ്രമകേന്ദ്രം എന്നിവയും ആറന്മുളയിലൊരുക്കും.
വാസ്തുവിദ്യാഗുരുകുലത്തിന് ലഭ്യമായിട്ടുള്ള സാങ്കേതിക ജ്ഞാനവും വിദഗ്ദ്ധരെയും ക്രിയാത്മകമായി ഉപയോഗിക്കുന്നു. ഭാവിയിൽ പരമ്പരാഗത വിദ്യകളുടെ പഠനത്തിനായി ഗുരുകുലം ഒരു ഡീംഡ് സർവ്വകലാശാലയാക്കുകയാണ് ലക്ഷ്യം.
ടി.കെ.കരുണദാസ്
എക്സിക്യൂട്ടീവ് ഡയറക്ടർ,
വാസ്തുവിദ്യാഗുരുകുലം