റാന്നി: വടശേരിക്കര ഗ്രാമപഞ്ചായത്തിൽ സ്വന്തം പാർട്ടിക്കാരനായ പ്രസിഡന്റ് മണിയാർ രാധാകൃഷ്ണനെതിരെ ഡി.സി.സി നിർദ്ദേശപ്രകാരം നടത്തിയ അവിശ്വാസ നീക്കം കോറം തികയാത്തതിനെത്തുടർന്ന് ഇന്നലെ നടന്നില്ല. ഷാജിമാനാപ്പള്ളിക്കൊപ്പം അവിശ്വാസ നോട്ടീസിൽ ഒപ്പുവച്ച രണ്ടംഗങ്ങളും സമയത്ത് എത്താതെ പിന്നീട് സമയം കഴിഞ്ഞു പ്രസിഡന്റിനൊപ്പം എത്തുകയായിരുന്നു.

അവിശ്വാസ പ്രമേയത്തിനനുകൂലമായി വോട്ടു ചെയ്യാൻ തയ്യാറാകാതെ പാർട്ടി വിപ്പ് ലംഘിച്ച കോൺഗ്രസ് പഞ്ചായത്തംഗങ്ങളായ മണിയാർ രാധാകൃഷ്ണൻ, സ്വപ്നാ സൂസൻ ജേക്കബ്, സാലി മാത്യു, അജേഷ് മണപ്പാട്ട് എന്നിവരെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.

ബി.ജെ.പിയുടെ നാല് അംഗങ്ങളം സി.പി.എമ്മിന്റെ രണ്ടംഗങ്ങളും സ്വതന്ത്രനും യോഗത്തിന് എത്തിയില്ല. കോറം തികയാത്തതിനാൽ ഹാജരുണ്ടായിരുന്ന നാലംഗങ്ങളെ നടപടിക്രമങ്ങൾ വായിച്ച് കേൾപ്പിച്ച ശേഷം ബി.ഡി.ഒ മടങ്ങി. ആകെയുള്ള 15 അംഗങ്ങളിൽ 8 പേർ ഹാജരാകാഞ്ഞതിനെ തുടർന്ന് അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാൻ കഴിഞ്ഞില്ല.

ഇന്നലെ രാവിലെ 10.50 ഓടെ വരണാധികാരിയായ ബി.ഡി.ഒ എത്തി. പിന്നാലെ കോൺഗ്രസിലെ ഷാജിമാനാപ്പള്ളി, കെ.എം ഏബ്രഹാം കല്ലൂരേത്ത്, കെ.ഇ തോമസ്, നീന ജെയിംസ് എന്നിവരെത്തി ഹാജർ രേഖപ്പെടുത്തി. മറ്റുള്ളവർ എത്താൻ 20 മിനിറ്റോളം ബി.ഡി.ഒയും അംഗങ്ങളും യോഗ ഹാളിൽ കാത്തിരുന്നു. ആരെയും കാണാഞ്ഞപ്പോൾ പഞ്ചായത്ത് കമ്മിറ്റിയിലെ 15 അംഗങ്ങളിൽ 8 പേരെങ്കിലും ഹാജരായെങ്കിലേ പ്രമേയം ചർച്ചക്കെടുക്കാൻ കഴിയു എന്ന് ബി.ഡി.ഒ അംഗങ്ങളെ അറിയിച്ചു. അതോടൊപ്പം ഇലക്ഷൻ കമ്മിഷന്റെ നടപടിക്രമങ്ങളും ബി.ഡി.ഒ അംഗങ്ങളെ ബോദ്ധ്യപ്പെടുത്തി. അംഗങ്ങൾ പിരിഞ്ഞ ശേഷം മുൻ പ്രസിഡന്റ് മണിയാർ രാധാകൃഷ്ണനൊപ്പം സ്വപ്ന സൂസൻ, സാലി മാത്യു എന്നീ കോൺഗ്രസ് അംഗങ്ങളുമെത്തി. മണിയാർ രാധാകൃഷ്ണനെതിരെ ഷാജിമാനാപ്പള്ളിക്കൊപ്പം ഇവർ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പുവച്ചിരുന്നതാണ്. തങ്ങൾ ചർച്ചയിൽ പങ്കെടുക്കാനെത്തിയതാണെന്ന് മണിയാർ രാധാകൃഷ്ണൻ ബി.ഡി.ഒയെ അറിയിച്ചെങ്കിലും സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മടങ്ങി .