പത്തനംതിട്ട- അയിരൂർ പന്ത്രണ്ടാംമൈൽ പി.സി റോഡ് നവീകരിച്ചതോടെ യാത്രാദുരിതത്തിന് പരിഹാരമായി. 21ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്താണ് നവീകരിച്ചത് .
ചെറുകോൽപ്പുഴ, തീയ്യാടിക്കൽ റോഡിൽ മൂലയ്ക്കൽ പീടികയിൽ തുടങ്ങി പ്ലാങ്കമൺ നീലംപ്ലാവ് റോഡിൽ കണ്ണന്നൂർപറമ്പ് എൽ.പി സ്‌കൂളിനു സമീപം അവസാനിക്കുന്ന പാതയാണിത്. തിരക്കേറിയ തേക്കുംകൽ മൃഗാശുപത്രിയിലേക്കും കാർമേൽ അഗതി മന്ദിരത്തിലേക്കുമുള്ള പ്രധാന റോഡാണിത്. അയിരൂർ ജില്ലാ ആയുർവേദാശുപത്രിയിലേക്ക് പോകുന്നതിന് ജനങ്ങൾ ആശ്രയിക്കുന്നതും ഇൗ റോഡിനെയാണ്.
ചെറുകോൽപ്പുഴയിൽ നിന്ന് തീയ്യാടിക്കൽ ജംഗ്ഷനിൽ എത്താതെ പ്ലാങ്കമൺ വഴി റാന്നിയിൽ എത്തിച്ചേരുന്നതിനുള്ള എളുപ്പ മാർഗം കൂടിയാണിത്. രണ്ട് കിലോമീറ്ററോളം ദൂരം ഇതുവഴി ലാഭിക്കാൻ കഴിയും തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും റോഡ് പ്രയോജനപ്പെടും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. , വൈസ് പ്രസിഡന്റ് വൽസമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം മോളിബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ സുരാജ് എം. ജി , സാലിതോമസ് , കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി സാംകുട്ടി അയ്യക്കാവിൽ ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വി.സഞ്ജയ കുമാർ, തോമസ് ദാനിയേൽ എന്നിവർ പ്രസംഗിച്ചു.