parvathy

പള്ളിക്കൽ: ആനയടിപൂരത്തിന് തലയെടുപ്പോടെ നിന്ന കൊമ്പൻമാരെക്കാൾ ചന്തം ചെണ്ടയുടെ താളത്തിനാെത്തുള്ള പെൺചുവടുകൾക്കായിരുന്നു. പൂരനഗരിയെ അമ്പരപ്പിച്ച ആ ചുവടുകളിലൂടെ സോഷ്യൽ മീഡിയായുടെ ഇഷ്ടക്കാരിയായിരിക്കുകയാണ് പള്ളിക്കൽ മേക്കുന്നുമുകൾ പാർവ്വണം വീട്ടിൽ പാർവ്വതി എസ്. അജി. നൂറനാട് ശ്രീബരി സെൻട്രൽ സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയായ പാർവ്വതി കുഞ്ഞമ്മയ്ക്കും അമ്മാവിക്കും ഒപ്പമാണ് പൂരം കാണാൻപോയത്. ചെണ്ട കൊട്ടികയറിയപ്പോൾ പൂരത്തോടും മേളത്തോടും വലിയ ഇഷ്ടമുള്ള പെൺകുട്ടി ഒന്നും ആലോചിച്ചില്ല. താളത്തിനൊപ്പം കൂടി. കൈകൾ ഉയർത്തി അന്തരീക്ഷത്തിൽ താളമിട്ട് നിന്ന നിൽപ്പിൽ ചുവട് വച്ചു, കണ്ടുനിന്നവർ കൈയടിച്ചും ആർപ്പോ വിളിച്ചും പ്രോത്സാഹനവുമായി ഒപ്പംകൂടി. ചിലർ ഫോട്ടോയെടുത്തും വീഡിയോയെടുത്തും സോഷ്യൽ മീഡിയയിലേക്ക് കൗതുകം പകർന്നപ്പോൾ പൂരപ്പെൺകൊടി ശ്രദ്ധിക്കപ്പെട്ടു. വൈറലായ പെൺകുട്ടി ആരാണെന്നുള്ള അന്വേഷണങ്ങളാണ് പിന്നീട് നടന്നത്. ദൃശ്യമാദ്ധ്യമങ്ങളിലും തുള്ളൽക്കാരി പെൺകൊടി ആരാണെന്ന് അറിയാതെ വാർത്തയായി.

പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാസെക്രട്ടറി അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ബി. അജിയുടെയും ചെറിയനാട് എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക സിനിയുടെയും മകളാണ് പാർവതി. പത്ത് വർഷമായി ക്ലാസിക്കൽ ഡാൻസ് പഠിക്കുന്ന പാർവ്വതിയുടെ തുള്ളലിന് ലൈക്കുകൾ രണ്ടരലക്ഷത്തിലധികം കടന്നിരിക്കുകയാണ്.