ചെങ്ങന്നൂർ: ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പുറപ്പാടെഴുന്നെള്ളത്തിന് പള്ളിവിളക്കുകൾ ഒരുങ്ങി. വെളളിയാഴ്ച പുലർച്ചെ 2നാണ് പുറപ്പാടെഴുന്നെള്ളത്ത്. ശ്രീഭൂതബലിക്കു ശേഷം ക്ഷേത്ര മേൽശാന്തി തെളിക്കുന്ന ദീപം 13 പളളിവിളക്കിലേക്കും പകരുന്നതോടെ എഴുന്നെള്ളത്ത് തുടങ്ങും. 12ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.
ഉത്സവത്തിനു കൊടിയേറി അഞ്ചാം നാളിൽ ബാലസുബ്രഹ്മണ്യ സ്വാമി പുറത്തേക്ക് എഴുന്നെളളുന്നതാണ് പുറപ്പാട് ഉത്സവം. ചെറിയനാട് ദേശത്തെ മണ്ഡപരിയാരം, അത്തിമൺചേരി, ചെറുവല്ലൂർ, മുലികോട് കിഴക്ക്, അത്തിമൺചേരി ഹിന്ദുധർമ്മ പരിഷത്ത്, ഇടവങ്കാട്, അരിയന്നൂർശേരി, മാമ്പ്ര, ഇടമുറി വടക്ക്, ഇടമുറി, തുരുത്തിമേൽ അടക്കമുള്ള കരകളുടെ വലുതും ചെറുതുമായ 13 പളളിവിളക്കുകളുടെയും മൂലിയോട് കരയുടെ കമ്പ വിളക്കുകളിലെ ദീപനാളങ്ങളുടെയും അകമ്പടിയോടെയാണ് പുറപ്പാടെഴുന്നെള്ളത്ത്.
തടിയിൽ തീർത്ത 70 അടിയോളം ഉയരമുളള പളളിവിളക്കുകളിലെ ലക്ഷങ്ങളോളം വരുന്ന ഞാലികളിൽ ദീപം തെളിച്ചശേഷം പടനിലത്തുളള മൈതാനിയിലേക്ക് വലിച്ചുകൊണ്ടുപോകും. പിന്നാലെ പുറപ്പെടുന്ന ദേശദേവൻ പടനിലത്തെത്തി അരിയന്നൂർശേരിക്കരക്കാർ നൽകുന്ന അൻപൊലി വഴിപാട് സ്വീകരിച്ച ശേഷം അനുഗ്രഹം ചൊരിഞ്ഞു തിരികെ ക്ഷേത്രത്തിലേക്ക് മടങ്ങുന്ന ചടങ്ങാണിത്.