മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ബ്ലോക്ക് ഓഫീസിലും മാലിന്യസംസ്കരണത്തിന് തുമ്പൂർമുഴി മോഡൽ പദ്ധതി നടപ്പിലാക്കും. സ്ഥാപനതല ഉറവിട മാലിന്യസംസ്കരണ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ശുചിത്വ മിഷന്റെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. രണ്ടു സ്ഥലങ്ങളിലും മാലിന്യ സംസ്കരണത്തിനായി പ്രത്യേക സംവിധാനം നിർമ്മിക്കും. ഒരു യൂണിറ്റിന് രണ്ടുലക്ഷത്തോളം രൂപ ചെലവുവരുന്ന പദ്ധതിയുടെ പ്രാഥമിക പരിശോധന ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തി. താലൂക്ക് ആശുപത്രി അങ്കണത്തിലെത്തിയ സംഘം വിശദമായ പരിശോധനയ്ക്ക് ശേഷമാണ് മടങ്ങിയത്. രോഗികളും ജീവനക്കാരും ഉപേക്ഷിക്കുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റാക്കുന്നതിനുള്ള ശാസ്ത്രീയ മാർഗമായ തുമ്പൂർമുഴി മാലിന്യസംസ്കരണ പദ്ധതി സംസ്ഥാനത്ത് പലയിടത്തും വിജയിച്ച പശ്ചാത്തലത്തിലാണ് മല്ലപ്പള്ളിയിലും ആരംഭിക്കുന്നതെന്ന് ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.രശ്മിമോൾ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, വൈസ് പ്രസിഡന്റ് രോഹിണി ജോസ്, അംഗങ്ങളായ ജോസഫ് ഇമ്മാനുവേൽ, പ്രകാശ്കുമാർ വടക്കേമുറി, രമ്യാമനോജ്, പഞ്ചായത്ത് സെക്രട്ടറി പി.കെ. ജയൻ, അസി. സെക്രട്ടറി സാം കെ സലാം, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ജി. കണ്ണൻ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ കെ.ആർ. അജയ്, ടെക്നിക്കൽ കൺസൽട്ടന്റ് ജെറിൻ ജെയിംസ് വറുഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മാത്യു മാരേട്ട്, നിഷ തുടങ്ങിയവർ സംസാരിച്ചു.