thapasi

കോഴഞ്ചേരി: ഭാരതീയ വിചാരധാരയുടെ അന്തസ്സത്ത മനസിലാക്കി അതുൾക്കൊള്ളാനും പ്രചരിപ്പിക്കാനും നമുക്ക് കഴിയാതെ പോയതാണ് വേദോപനിഷത്തുക്കളുടെ സ്വാധീനത്തിന് അപചയം ഉണ്ടാകാൻ കാരണമെന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. 107-ാമത് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ നാലാം ദിവസം നടന്ന ഉപനിഷത്ത് ദർശന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

കഴിഞ്ഞ കാലഘട്ടത്തിൽ ഭാരതത്തിൽ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമായി വേദോപനിഷത്തുകൾ, ആത്മീയ, പ്രാമാണിക ഗ്രന്ഥങ്ങൾ എന്നിവ പണ്ഡിത വരേണ്യ വർഗത്തിന് മാത്രം പ്രാപ്യമായിരുന്നതും സാധാരണക്കാരിലേക്ക് പകർന്നു കൊടുക്കാതിരുന്നതുമാണ് പ്രധാനമായും ഉണ്ടായ പരാജയ കാരണം. ആദ്ധ്യാത്മികതയുടെ പൊതുധാരയിൽ നിന്നും സാധാരണക്കാരെ മാറ്റിനിറുത്തുകയും ഭാരതീയ തത്വ സംഹിതകൾ വേദ ഭാഷയായ സംസ്‌കൃതത്തിൽ മാത്രമായിരിക്കുകയും ചെയ്തതോടെ അടിസ്ഥാന വിഭാഗങ്ങൾക്ക് ഇവയെല്ലാം അപ്രാപ്യമായി. ഈ അവസരത്തിൽ സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ വിദേശ മിഷണറിമാർ അവരുടെ ആശയ സംഹിതകൾ പ്രചരിപ്പിച്ചു. മതം മാറ്റത്തിന് പ്രേരണ ചെലുത്തുകയും ചെയ്തു. ബഹുസ്വരതകളുടെ ഒത്തുചേരലാണ് ഭാരതീയ സംസ്‌കാരം. ആത്മീയത, ആചാരാനുഷ്ഠാനം എന്നിവയെപ്പറ്റി ആരോഗ്യപരമായ ചർച്ചകൾ ഉണ്ടാവണം. ആചാര അനുഷ്ഠാനങ്ങളെപ്പറ്റി സമൂഹ മാദ്ധ്യമത്തിലും, കോടതികൾ വരെയും ചർച്ച നടക്കുന്ന വർത്തമാന കാലഘട്ടത്തിൽ ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാന ഘടകങ്ങൾ സാധാരണക്കാരിലേക്ക് പകർന്നു കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്- സ്വാമി പറഞ്ഞു.
സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, പ്രൊഫ. വി.ടി. രമ, അഡ്വ കെ. ഹരിദാസ്, ജി. രാജ്കുമാർ എന്നിവർ സംസാരിച്ചു.