പത്തനംതിട്ട: സംസ്ഥാന സർക്കാർ അനുവദിച്ച 50 കോടി രൂപയുടെ രാജ്യാന്തര നിലവാരത്തിലുള്ള ജില്ലാ സ്റ്റേഡിയം അട്ടിമറിച്ച നഗരസഭ ഭരണ നേതൃത്വത്തിന്റെയും യു.ഡി.എഫിന്റെയും നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ 12ന് നഗരസഭ ഓഫീസ് വളയുന്ന 'യുവജന ശൃംഖല' സംഘടിപ്പിക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഉപരോധം. സമരം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉദ്ഘാടനംചെയ്യും. യുവജന ശൃംഖലയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി.നായർ ക്യാപ്റ്റനായ പ്രചാരണ ജാഥ സംഘടിപ്പിക്കും. മലയാലപ്പുഴ, മൈലപ്ര, പ്രമാടം, വള്ളിക്കോട്, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, നാരങ്ങാനം എന്നീ പഞ്ചായത്തുകളിലും നഗരസഭ പ്രദേശത്തെയും വിവിധ പ്രദേശങ്ങളിൽ ജാഥ പര്യടനം നടത്തും.
യുവജന ശൃംഖലയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എൻ. സജികുമാർ ഉദ്ഘാടനം ചെയ്തു. സംഗേഷ് ജി നായർ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അനീഷ് വിശ്വനാഥ്, ടി.സക്കീർ ഹുസൈൻ, എം.വി സഞ്ജു, കെ.അനിൽകുമാർ, ആർ.ഹരീഷ്, അൻസിൽ അഹമ്മദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: ടി.കെ.ജി നായർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, പി. ജെ.അജയകുമാർ, വീണാ ജോർജ് എം.എൽ.എ (രക്ഷാധികാരികൾ). എൻ.സജികുമാർ (ചെയർമാൻ), ആർ.ഹരീഷ് (ജനറൽ കൺവീനർ).