കേരളത്തിൽ നിരവധി നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് ജന്മം നൽകിയ കാലമായിരുന്നു 19-ാം നൂറ്റാണ്ട്. കേരളീയ സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ജാതി വിവേചനത്തിനുമെതിരെ, ഈ നവോത്ഥാന പ്രസ്ഥാനങ്ങൾ ശക്തമായ വെല്ലുവിളികൾ ഉയർത്തി. സ്ത്രീകളുടെ സ്വാതന്ത്ര്യവും കുടുംബശാക്തീകരണവും, ആദ്ധ്യാത്മിക നവീകരണവും സ്വപ്നംകണ്ട് പിറവിയെടുത്ത പ്രസ്ഥാനമായിരുന്നു മാർത്തോമ്മാ സുവിശേഷകസേവികാസംഘം.
മാർത്തോമ്മാ സഭയുടെ ഔദ്യോഗിക സംഘടനയായി സുവിശേഷ സേവികാസംഘം രൂപപ്പെടുന്നത് 1919 ഫെബ്രുവരി 14 ന് മാരാമൺ കൺവൻഷൻ മണൽപ്പുറത്തായിരുന്നു. സ്ത്രീകളുടെ ആദ്ധ്യാത്മിക നവീകരണത്തിനും ശാക്തീകരണത്തിനുമായി, കേരളത്തിൽ രൂപംകൊണ്ട ആദ്യവനിതാപ്രസ്ഥാനമാണ് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വനിതാവിഭാഗമായ സേവികാസംഘം. ഒരു നൂറ്റാണ്ടുകാലം കേരളത്തിലെയും ഇന്ത്യയിലേയും സ്ത്രീകളുടെ ആത്മീയ വളർച്ചയ്ക്ക് ശക്തിപകർന്ന സേവികാസംഘം കഴിഞ്ഞ ഒരു വർഷം ശതാബ്ദി നിറവിലായിരുന്നു. ഒരു വർഷം നീണ്ടുനിന്ന സേവികാസംഘം ശതാബ്ദി ആഘോഷങ്ങൾ 2019 ഫെബ്രുവരി 9 ന് മാരാമൺ മണൽപ്പുറത്ത് നടക്കുന്ന ലോക മാർത്തോമ്മാ വനിതാസംഗമത്തോടെ സമാപിക്കുന്നു. ഫെബ്രുവരി 10 മുതൽ 17 വരെയാണ് 124ാമത് മാരാമൺ കൺവൻഷൻ. സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിനു വേണ്ടി ഇൗ വർഷം മുതൽ മാരമൺ കൺവെൻഷനിലെ രാത്രിയോഗങ്ങൾ സയാഹ്നയോഗങ്ങളായി പുനക്രമീകരിച്ചു എന്ന സവിശേഷതയുമുണ്ട്.
കടുത്ത ജാതിവിവേചനം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ സ്ത്രീ സ്വാതന്ത്ര്യം ചിന്തനീയമല്ലായിരുന്നു. സ്ത്രീകളുടെ സാമൂഹ്യ അവസ്ഥ പൊതുവേ ദയനീയമായിരുന്നു. മാറുമറയ്ക്കാൻപോലും അവകാശം നിഷേധിക്കപ്പെട്ടവർ. 1829 ൽ മാറുമറയ്ക്കാനുള്ള അവകാശം സുറിയാനി സമുദായത്തിലെ സ്ത്രീകൾ നേടിയെടുത്തപ്പോൾ അതിന് നികുതിയും ഒടുക്കേണ്ട അവസ്ഥയിലായി. പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവർത്തനം സ്ത്രീകളിൽ സ്വാതന്ത്ര്യബോധവും ആത്മീയ തീഷ്ണതയും ഉണർത്തുന്നതിൽ ചെറുതല്ലാത്ത സ്വാധീനമാണ് സൃഷ്ടിച്ചത്.
മലങ്കരസഭയിൽ കടന്നുകൂടിയ അനാചാരങ്ങൾക്കെതിരെ ശുചീകരണപ്രസ്ഥാനം ആരംഭിച്ചതിലൂടെ പാലക്കുന്നത്ത് അബ്രഹാം മല്പാനും കൈതയിൽ ഗീവർഗീസ് മല്പാനും നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അവരെ നവീകരണ പ്രസ്ഥാനക്കാർ എന്ന് പിൽക്കാലത്ത് വിശേഷിപ്പിച്ചു.
മലങ്കരസഭയിൽ സുറിയാനി ഭാഷയിലായിരുന്നു കുർബ്ബാന ചൊല്ലിയിരുന്നത്. 1835-ൽ നവീകരണപക്ഷം മാരാമൺ പള്ളിയിൽ മലയാളത്തിൽ കുർബ്ബാന അർപ്പിച്ചത് വിപ്ലവകരമായ മാറ്റമായി. മലങ്കര സഭയിൽ നവീകരിക്കപ്പെട്ട വിഭാഗം മലങ്കര മാർത്തോമ്മാ സുറിയാനി സഭയായി. 1843 ൽ മാത്യൂസ് മാർ അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്തയായതോടെ നവീകരണവിഭാഗം കരുത്തരായി. ഞായറാഴ്ചകളിൽ പോലും നസ്രാണിസ്ത്രീകൾ ഊഴിയം വേലകൾക്ക് നിർബന്ധിതരായിരുന്നു. മാത്യൂസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്താ അനാചാരങ്ങൾക്കെതിരെ ശബ്ദിച്ചു തുടങ്ങി. നസ്രാണി സ്ത്രീകളെ ഒരു ജാതി എന്നതിൽനിന്നും ഒരു വിശ്വാസ സമൂഹമാക്കി മാറ്റിയതോടെ സ്ത്രീകൾക്കുമേൽ ചുമത്തപ്പെട്ട ജാത്യാചാര കുരുക്കുകൾ അഴിഞ്ഞുവീണു തുടങ്ങി.
ക്രൈസ്തവ സുവിശേഷകരുടെ സ്വാധീനത്തിൽ ആരംഭിച്ച ഉണർവ്വുയോഗങ്ങൾ കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയായി മാറി. 1865-ൽ ഉപദേശിമാർ എന്ന ഒരു സവിശേഷവിഭാഗം ഉണർവ്വു യോഗങ്ങളിലൂടെ രൂപമെടുത്തു. സുവിശേഷവെളിച്ചം എല്ലാ ജാതിവിഭാഗീയ മതിൽകെട്ടുകളെയും ഭേദിക്കുന്നതായി.
അധസ്ഥിതർക്കും സ്ത്രീകൾക്കും പൊതുഇടങ്ങളിലേക്ക് ഇറങ്ങുന്നതിനുള്ള അവസരമായി ഈ ഉണർവ്വുയോഗങ്ങൾ മാറി. സമൂഹം മാറ്റി നിർത്തിയ സ്ത്രീകൾ ദൈവവചനത്തിന് മുന്നിൽ പുരുഷന് സമശീർഷരാണെന്ന ആശയം ഉണർവ്വു യോഗങ്ങളിലൂടെ പ്രബലപ്പെട്ടു. 1864 ൽ തഞ്ചാവൂരിൽ നിന്ന് സുവിശേഷ വെളിച്ചവുമായി എത്തിയ വേദനായകം ശാസ്ത്രിയുടെ മക്കളായ അമ്മാളും സംഘവും തിരുവിതാംകൂറിൽ സ്ത്രീകൾക്ക് വലിയ പ്രചോദനമായി. സുവിശേഷം പ്രസംഗിക്കാൻ സ്ത്രീകളും മുന്നിട്ടിറങ്ങിയതോടെ, നസ്രാണി സ്ത്രീകളിൽ മാത്രമല്ല, ജാതിയുടെ കാർക്കശ്യത്തിൽ നിന്ന് കുതറിമാറാൻ ആഗ്രഹിച്ച ജനസാമാന്യത്തെയാകെ അത് ആവേശം കൊള്ളിച്ചു. ഈ ആവേശജ്വാലയിൽ ഉയർന്നുവന്ന തുമ്പമൺ സ്വദേശി കാണ്ടമ്മ വർഗീസ് മാർത്തോമ്മാ സഭയിൽ സ്ത്രീമുന്നേറ്റത്തിന് പ്രചോദനമായി മാറി. 1895 ൽ ആരംഭിച്ച മാരാമൺ കൺവൻഷനിൽ സ്ത്രീ ശാക്തീകരണത്തിനും അവരുടെ സ്വാതന്ത്ര്യബോധം ഉണർത്തുന്നതിനുമുള്ള വേദിയായി മാറി.
പുരുഷന്മാരോടൊപ്പം സ്ത്രീകളും കൺവൻഷൻ യോഗങ്ങളിൽ പങ്കെടുത്തു. സഭയിലാകെയും മാരാമൺ കൺവൻഷൻ പന്തലിലും ഉയർന്നുവന്ന സ്ത്രീകൂട്ടായ്മ സേവികാസംഘമെന്ന മഹാപ്രസ്ഥാനത്തിന് രൂപമെടുക്കുവാൻ പ്രചോദനമായി. ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്താ വനിതകളുടെ ഈ കൂട്ടായ്മക്ക് പ്രചോദനമായി നിലകൊണ്ടു.പുരുഷന്മാരോടൊപ്പം സ്ത്രീകൾക്ക് സഭയുടെ ഭരണസമിതിയിൽ സ്ഥാനം നൽകണമെന്ന് ആദ്യമായി ആവശ്യപ്പെട്ട സഭയും മാർത്തോമ്മാ സഭയാണ്. സമുദായാലോചനാസഭകളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നത് വേദവിപരീതമല്ല എന്ന് സ്ഥാപിച്ചുകൊണ്ടാണ് ചർച്ചകൾ മുന്നോട്ടുപോയത്. നവീകരണസഭയായ മാർത്തോമ്മാ സഭ കേരളീയ സ്ത്രീ നവോത്ഥാന പ്രസ്ഥാനത്തിലെ ആദി ദീപമായി മാറുന്നത് അഭിമാനകരമായ കാഴ്ചയായി.
അനാഥരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമത്തിനും പുനരധിവാസത്തിനും നിരവധി സ്ഥാപനങ്ങൾ ആരംഭിച്ചു. അവർക്ക് ജീവിതവെളിച്ചം പകർന്നുനൽകി. മാനസിക പ്രശ്നം അനുഭവിക്കുന്ന സ്ത്രീകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾക്കും സേവികാസംഘം തുടക്കമിട്ടു. ലോകമെങ്ങും ആയിരത്തോളം ശാഖകളും ഒരുലക്ഷത്തിലധികം അംഗങ്ങളുമുള്ള പ്രസ്ഥാനമായി സുവിശേഷ സേവികാസംഘം വളർന്നു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'സാക്ഷ്യ' എന്ന പേരിൽ ശ്രദ്ധേയങ്ങളായ ഒട്ടനവധി ആദ്ധ്യാത്മിക - സേവനപ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കഴിഞ്ഞു. നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും ഊന്നൽ നൽകുന്നതാണ് പ്രധാന ശതാബ്ദി പ്രൊജക്ടുകൾ. ലൈംഗികവൃത്തിയിൽ നിന്ന് മോചിതരാകുന്ന സ്ത്രീകൾക്ക് ജീവനോപാധികൾ വാങ്ങി നൽകി സാധാരണജീവിതത്തിലേക്ക് കൊണ്ടുവരുവാനുള്ള പദ്ധതികൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ സ്ത്രീസമൂഹത്തെ ശക്തരാക്കുന്നതിനും വിശ്വാസ ജീവിതത്തിൽ അവരെ വളർത്തുന്നതിനുമുള്ള ദൗത്യം പുതിയ നൂറ്റാണ്ടിൽ ഏറ്റെടുക്കും.
(ലേഖകൻ,മാർത്തോമ്മാ സുവിശേഷക സേവികാസംഘം പ്രസിഡന്റാണ്)