f
നഗരത്തിൽ ടി കെ റോഡിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന നടപ്പാത

തിരുവല്ല: നഗരത്തിലെ നടപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ പൊതുമരാമത്ത് വകുപ്പിന് അനുകൂലമായി ഹൈക്കോടതി വിധി. ടി.കെ റോഡിന്റെ ഇരുവശവുമുള്ള നടപ്പാതകൾ ഉയരം കൂട്ടി ടൈൽ പാകുന്നതുമായി ബന്ധപ്പെട്ട് എട്ടു വ്യാപാരികൾ നൽകിയ ഹർജിയിന്മേലാണ് വിധി. റോഡിന്റെ ഇടതുവശവും പുഷ്പഗിരി റോഡിന്റെ വലതു വശവുമടക്കം ടൈൽ പാകിയിരുന്നു. ട്രാഫിക് ജംഗ്ഷൻ മുതൽ 100 മീറ്റർ ഭാഗത്താണ് തർക്കം നിലനിന്നിരുന്നത്. തിരുവല്ല-കുമ്പഴ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് 2016 ൽ നടത്താനൊരുങ്ങിയ നടപ്പാത നിർമ്മാണത്തിനെതിരെ എട്ടു വ്യാപാരികൾ നൽകിയ ഹർജിയിലാണ് കോടതി ജനുവരി 25ന് മരാമത്ത് വകുപ്പിന് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. നടപ്പാത നിർമ്മാണത്തിനെതിരായി വ്യാപാരികൾ കോടതിയെ സമീപിച്ചതോടെ അന്നത്തെ സബ് കളക്ടർ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ചർച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നു. നടപ്പാതയുടെ മൂന്ന് ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങൾ കയറാനുള്ള ഇടം നൽകാമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ വ്യാപാരികൾ പ്രതികൂല നിലപാട് സ്വീകരിച്ചു. ഇതേതുടർന്ന് നടന്ന കേസിന്മേലാണ് മരാമത്ത് വകുപ്പിനും പൊതുജനങ്ങൾക്കും ഗുണകരമായ വിധിയുണ്ടായത്. നിർമ്മാണം വരുംദിവസങ്ങളിൽ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എക്സി.എൻജിനിയർ സി.ബി സുഭാഷ് പറഞ്ഞു.