t
നിവേദ്യത്തിനുള്ള പടറ്റി പഴങ്ങളുമായി ശ്രീവല്ലഭ ക്ഷേത്രത്തിലേക്ക് നടന്ന ഘോഷയാത്ര

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി നടന്ന പന്തീരായിരം വഴിപാട് ഭക്തിസാന്ദ്രമായി. തുകലശേരി മഹാദേവ ക്ഷേത്രത്തിൽ നിന്ന് വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ നിവേദ്യത്തിനുള്ള പടറ്റി പഴങ്ങളുമായി ശ്രീവല്ലഭ ക്ഷേത്രത്തിലേക്ക് നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. തുടർന്ന് യോഗക്ഷേമ സഭയുടെ നേതൃത്വത്തിൽ പടറ്റി പഴങ്ങൾ നിവേദ്യത്തിനായി തയ്യാറാക്കി ശ്രീവല്ലഭ സ്വാമിക്ക് സമർപ്പിച്ചു. നേദിച്ച പഴങ്ങൾ പിന്നീട് ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വേണു വെള്ളിയോട്ടില്ലം, സെക്രട്ടറി ഗോപകുമാർ എന്നിവർ നേതൃത്വം നൽകി. നാളെ രാവിലെ ഏഴിന് ചതുശതം വഴിപാട്. 8 .46നും 10.29 നും മദ്ധ്യേ തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവം കൊടിയേറും. 18 ന് ആറാട്ടോടെ സമാപിക്കും.