നാരങ്ങാനം: ആശിച്ച് കിട്ടിയ കട്ടിൽ മണിക്കൂറുകൾക്കുള്ളിൽ നഷ്ടമായതിന്റെ ദുഃഖം ജാനകിയമ്മയ്ക്ക് ഇനി മറക്കാം. നാരങ്ങാനം ഗ്രാമപഞ്ചായത്ത് അധികൃതർ വൃദ്ധയ്ക്ക് സാന്ത്വനമായി പുതിയ കട്ടിൽ സമ്മാനിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം വൃദ്ധജനങ്ങൾക്ക് അനുവദിച്ച കട്ടിൽ കടമ്മനിട്ട മാണിക്കുന്നത്ത് പുത്തൻവീട്ടിൽ ജാനകിയമ്മയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഒപ്പിട്ട് കൈപ്പറ്റിയ കട്ടിൽ മാറ്റിവച്ചശേഷം വാഹനം വിളിക്കാനായി വൃദ്ധ ഒന്നര കി.മീറ്റർ അപ്പുറമുള്ള ബന്ധുവിനെ കാണാനായി പോയി. തിരികെ വന്നപ്പോഴേക്കും ആരോ കട്ടിലുമായി കടന്നു. ആലുങ്കൽ ജംഗ്ഷനിലെ പൈൻ മരത്തിന്റെ ചുവട്ടിൽ ഒറ്റയ്ക്കിരുന്ന കരയുന്ന ജാനകിയമ്മയുടെ ചിത്രവും വാർത്തയും കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ സഹപ്രവർത്തകരുമായി ആലോചിച്ച് പുതിയ കട്ടിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. ജാനകിയമ്മയെ വിളിച്ചു വരുത്തി പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും ചേർന്ന് കട്ടിൽ വീട്ടിൽ എത്തിച്ച് നൽകി. നഷ്ടമായ കട്ടിലിനുള്ള അന്വേഷണം തുടരണമെന്ന് പൊലീസിനോട് ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് അറിയിച്ചു.