തിരുവല്ല: സ്ഥലം വിട്ടുനൽകാൻ ഉടമകൾ തയ്യാറായതോടെ നഗരത്തിലെ കുറ്റപ്പുഴ- മുത്തൂർ റോഡ് വീതി കൂട്ടി നടത്തുന്ന ടാറിംഗ് ജോലികൾ ഉഷാറായി. വീതികുറഞ്ഞ ഭാഗങ്ങളിൽ പത്തോളം പേരാണ് സ്ഥലം വിട്ടുനൽകുന്നത്. രണ്ട് കലുങ്കുകളുടെ പണി പൂർത്തിയാക്കിയിരുന്നു. വീതികൂട്ടാൻ സ്ഥലം ലഭിക്കാതിരുന്നതോടെ പിന്നീട് റോഡ് പണി നിലച്ചു. തുടർന്ന് മാത്യു ടി. തോമസ് എം.എൽ.എ., അസി. എക്‌സി. എൻജിനിയർ സുഭാഷ്, റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സ്ഥലമുടമകളുമായി ചർച്ച നടത്തി.
നിലവിലുള്ള മതിലുകൾ പൊളിക്കുമ്പോൾ പകരം പുതിയവ പണിതുനൽകാമെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ സ്ഥലം ഉടമകൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഏകദേശം ഒന്നര മീറ്ററോളം സ്ഥലം ഇരുവശങ്ങളിലേക്കും എടുക്കേണ്ടിവന്നു. ഇതോടെ റോഡിന് എട്ടുമീറ്റർ വീതിയാകും. ആകെ ചെലവ് രണ്ട് കോടി രൂപയാണ്. ഒരുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് അധികൃതർ. റോഡ് പണി പൂർത്തീകരിച്ചു കഴിഞ്ഞാൽ എം.സി. റോഡിൽ തിരക്കുണ്ടാവുകുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചു വിടാനാകും. റെയിൽവേസ്‌റ്റേഷൻ, സ്വകാര്യ ബസ്‌സ്റ്റാൻഡ്, ടി.കെ. റോഡ് എന്നിവിടങ്ങളിലേക്ക് കോട്ടയം ഭാഗത്തുനിന്ന് വരുന്നവർക്ക് സുഗമമായി സഞ്ചരിക്കാനും ഈ റോഡ് ഉപകാരപ്രദമാകും.