vallana
മോഷണം നടന്ന വല്ലന മഹാദേവക്ഷേത്രത്തിലെ ഉപദേവതാ നടയിൽ പൊലീസ് പരിശോധന നടത്തുന്നു

ചെങ്ങന്നൂർ: വല്ലന 74-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ അധീനതയിലുളള വല്ലന മഹാദേവക്ഷേത്രത്തിലെ ഉപദേവതാ നടയിലെ കാണിക്ക വഞ്ചി മോഷണം പോയി. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുളള മൂർത്തിനടയിൽ നിന്നാണ് കാണിക്കവഞ്ചി കാണാതായത്. നാലായിരം രൂപയോളം വഞ്ചിയിൽ ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ നടതുറക്കാനെത്തിയ ക്ഷേത്ര ശാന്തിയാണ് വഞ്ചി മോഷണം പോയത് കണ്ടെത്തിയത്. തുടർന്ന് കമ്മിറ്റി അംഗങ്ങളെ വിവരം അറിയിച്ചു. ആറൻമുള എസ്. ഐ ജിബുജോണിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പണം അപഹരിച്ചശേഷം വഞ്ചി ഉപേക്ഷിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിൽ പരിസര പ്രദേശങ്ങളിൽ നാട്ടുകാരും ദേവസ്വം അധികൃതരും പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ആറന്മുള, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായ ഈ ഭാഗങ്ങളിൽ പൊലീസിന്റെ രാത്രികാല നിരീക്ഷണം ശക്തമല്ലെന്ന് നാട്ടുകാർ ആരോപിച്ചു.