ചെങ്ങന്നൂർ: പ്രളയം തകർത്തെറിഞ്ഞ ചെങ്ങന്നൂരിൽ കരിമ്പു കർഷകരും തീരാദുരിതത്തിൽ. കരിമ്പ് വ്യാപകമായി അഴുകി നശിച്ചതോടെ കർഷകർക്ക് സാമ്പത്തിക നഷ്ടം മാത്രമല്ല പുതിയ കൃഷിക്കുളള തലക്കവും (നാമ്പ്) ലഭിക്കാതായി. ഇതോടെ പേരുകേട്ട ഗ്ലോബൽ ഇന്ത്യാ രജിസ്ട്രേഷനുളള തിരുവൻവണ്ടൂർ പതിയൻ ശർക്കരയുടെ നിർമ്മാണവും നിലച്ചു. കൃഷി ചെയ്യുന്ന കരിമ്പിൽ നിന്ന് തന്നെയാണ് അടുത്ത കൃഷിക്കുളള തലക്കം എടുത്തിരുന്നത്. ഒരു പ്രാവിശ്യം തലക്കം നട്ട് കൃഷിചെയ്തു തുടങ്ങിയാൽ തുടർന്ന് നാലുതവണകൂടി ഈ മൂട്ടിൽ നിന്ന് വിളവെടുക്കാം. മുൻ വർഷങ്ങളിൽ കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രം, പന്തളത്തുളള സർക്കാർ ഫാം എന്നിവിടങ്ങളിൽ നിന്ന് തലക്കം ലഭിച്ചിരുന്നത്. എന്നാൽ പ്രളയത്തിൽ ഇവിടുത്തെ കൃഷിയും നശിച്ചു.
ആദ്യം പഴുത്തു, പിന്നെ ഉണങ്ങി
സാധാരണ വെളളപ്പൊക്കം ബാധിക്കാത്ത വിളയാണ് കരിമ്പ്. മൂന്നോ നാലോ ദിവസം വെളളം കെട്ടി നിന്നാലും കാര്യമായ നാശം സംഭവിക്കാത്ത കരിമ്പിന് തിരിച്ചടിയായത് ദിവസങ്ങളോളം നീണ്ട വെളളക്കെട്ടാണ്. ഇതേ തുടർന്ന് കരിമ്പ് ചെടികൾ ആദ്യം പഴുത്തു പിന്നെ ഉണങ്ങി.
പ്രളയത്തിൽ കൃഷി നശിച്ചവർക്ക് തുശ്ചമായ നഷ്ടപരിഹാരം മാത്രമാണ് നൽകിയത്. ആറ് ചക്കുകളും പ്രളയത്തിൽ നശിച്ചു. ഇക്കാര്യം കൃഷിമന്ത്രിയെ നേരിൽകണ്ട് ബോദ്ധ്യപ്പെടുത്തി. എന്നാൽ കർഷകർ മുൻകൈഎടുത്ത് സ്വന്തമായി തലക്കം ലഭ്യമാക്കണമെന്നും ഇതിനു മുടക്കുന്ന പണം തിരികെ നൽകാമെന്നുമാണ് അറിയിച്ചത്.
പി.കെ.രാമഭദ്രൻ നായർ
കരിമ്പുകർഷക സമിതി പ്രസിഡന്റ്
കർഷകർ കൃഷി ഉപേക്ഷിക്കുന്നു
വനവാതുക്കര, ഇരമല്ലിക്കര, നന്നാട്, തിരുവൻവണ്ടൂർ, പാണ്ടനാട് കുത്തിയതോട് എന്നിവിടങ്ങളിലായി 22 കർഷകർ 50 ഏക്കറിൽ മാത്രമാണ് കൃഷി ഇറക്കിയത്. ഒരേക്കറിൽ നിന്ന് 25 മുതൽ 30 ടൺ കരിമ്പാണ് ലഭിക്കുന്നത്. ഒരു ടൺ കരിമ്പ് ആട്ടി ശർക്കര ആക്കുന്നതിന് 5,500രൂപ മുതൽ 6,000രൂപ യാണ് ചെലവ്. ഇതിൽ നിന്ന് 120 മുതൽ 125 കിലോ ശർക്കരയാണ് ലഭിക്കുക. ശരാശരി ഒരു കിലോ ശർക്കരയ്ക്ക് 80 മുതൽ 85 രൂപ മാത്രമാണ് ലഭിക്കുന്നത്. കിലോക്ക് 110 രൂപയെങ്കിലും ലഭിച്ചെങ്കിലെ നഷ്ടംകൂടാതെ കൃഷിചെയ്യാൻ കഴിയുകയുളളു.
പദ്ധതി സമർപ്പിച്ചു
തലക്കത്തിന് ക്ഷാമം മുൻകൂട്ടി കണ്ട് തമിഴ്‌നാട്ടിൽ നിന്ന് മാധുരി ഇനം കരിമ്പിന്റെ തലക്കം ഇറക്കുമതിക്ക് 16.8 ലക്ഷം രൂപയുടെ പദ്ധതി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്.
കെ. രാജോന്ദ്രപ്രസാദ്
കൃഷി ഓഫീസർ,
തിരുവണ്ടൂർ