പന്തളം: രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പന്തളം 33 കെ.വി സബ് സ്റ്റേഷന്റെ പണി പൂർത്തിയായി. യാർഡ്, കൺട്രോൾ റൂം, ഓഫീസ്, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണം കഴിഞ്ഞു. സബ് സ്റ്റേഷനിലേക്കുള്ള റോഡ് പന്തളം നഗരസഭ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ചു നൽകി. മാർച്ചിൽ ഉദ്ഘാടനം നടക്കും. 1999ൽ പി.കെ. കുമാരൻ എം.എൽ.എ ആയിരുന്ന കാലത്താണ് സബ് സ്റ്റേഷന് ഭരണാനുമതി ലഭിച്ചത്. പഞ്ചായത്തിന്റെ പൂഴിക്കാട് ചിറമുടിയിലുള്ള വസ്തുവിൽ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ പഞ്ചായത്തിന്റെ 88 സെന്റ് സ്ഥലം നല്കുന്നതിനുള്ള നടപടികൾ 2009 ലാണ് പൂർത്തീകരിച്ചത്.
7,38,000 രൂപയ്ക്ക് ഭൂമി കെ.എസ്.ഇ.ബി വിലയ്ക്കു വാങ്ങുകയായിരുന്നു. 2011 ഫെബ്രുവരി 21ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ.ബാലൻ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും, നീർത്തട പ്രദേശമായതിനാൽ മണ്ണിട്ടുയർത്തുന്നതിനുള്ള അനുമതിക്കായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു. രണ്ടു വർഷം മുമ്പാണ് പണി തുടങ്ങിയത്.
ഇടപ്പോൺ 220 കെ.വി സബ് സ്റ്റേഷനിൽ നിന്ന് 110 കെ.വി ശേഷിയുള്ള ട്രാൻസ്ഫോർമർ സ്ഥാപിച്ച് അവിടെ നിന്ന് ആറര കിലോമീറ്റർ കരിങ്ങാലി പാടശേഖരത്തിലൂടെ ലൈൻ വലിച്ച് ചിറമുടി 33 കെ.വി സബ് സ്റ്റേഷനിലെത്തിച്ചാണ് പദ്ധതി. പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമൺ, കുളനട പഞ്ചായത്തുകളിലെ 35,000ൽ അധികം ഉപയോക്താക്കൾക്ക് പ്രയോജനം ലഭിക്കും. ഇന്റഗ്രേറ്റഡ് പവർ ഡെവലപ്‌മെന്റ് സ്‌കീമിൽ ഉൾപ്പെടുത്തി 5.16 കോടി രൂപ ചെലവഴിച്ചാണ് സബ് സ്റ്റേഷൻ നിർമാണം.
5 എം.വി.എ ശേഷിയുള്ള രണ്ട് 33 കെ.വി ട്രാൻസ്‌ഫോർമറുകൾ സ്ഥാപിച്ച് 4.11 കെ.വി. ഫീഡറുകളിലൂടെ വൈദ്യുതി വിതരണം ചെയ്യും. പന്തളം ജംഗ്ഷന് രണ്ടര കിലോമീറ്റർ ചുറ്റളവിൽ ഏരിയൽ ബഞ്ചിംഗ് കേബിളുകൾ (എബിസി) സ്ഥാപിക്കും.
സബ് സ്റ്റേഷൻ പൂർത്തിയാകുമ്പോൾ വോൾട്ടേജിൽ 15 ശതമാനം വർദ്ധനയുണ്ടാകും, പ്രസരണ നഷ്ടം കുറയും, വൈദ്യുതി തകരാർ സംഭവിച്ചാൽ വേഗം പരിഹരിക്കാൻ കഴിയും.
സുരേഷ്.കെ
ട്രാൻസ്മിഷൻ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ