madamon

റാന്നി: ബ്രാഹ്മണാധിപത്യത്തിനെതിരെ ആദ്യം വാളുയർത്തിയ സാമൂഹ്യപരിഷ്കർത്താവ് ശ്രീനാരായണ ഗുരുവായിരുന്നെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മാടമൺ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം പെരുനാട് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരു പ്രവർത്തിച്ചത് ഹിന്ദുമത പ്രചരണത്തിനായിരുന്നില്ല, വിജ്ഞാന വ്യാപനത്തിനായിരുന്നു. മാനവിക ദർശനം ഉയർത്തിപ്പിടിച്ചുളള ആത്മീയ വഴിയാണ് ഗുരുദേവൻ സ്വീകരിച്ചത്. മതത്തെ ആയുധമാക്കുന്നവരെ പ്രതിരോധിക്കാനുളള ആയുധമാണ് ഗുരുദർശനം. കേരളത്തിന്റെ ദൈവത്തിന്റെ സ്വന്തം നാടാക്കിയത് ഗുരുദേവനാണ്. അദ്ദേഹം മുന്നോട്ടു വച്ച ആശയങ്ങളാണ് പുരോഗമന പ്രസ്ഥാനങ്ങൾ നടപ്പാക്കുന്നത്. ക്ഷേത്രങ്ങളിൽ അബ്രാഹ്മണരെ നിയമിച്ചത് വിപ്ലവകരമായ മാറ്റമാണ്.

ആത്മീയ കൺവെൻഷനുകൾ ഇൗശ്വരീയതയെ തിരിച്ചറിയാനുളള വേദികളാണെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അറിയാനും അറിയിക്കാനുമായി ഗുരുദേവൻ തുടങ്ങിയതാണ് കൺവെൻഷനുകൾ.

റാന്നി യൂണിയൻ കൺവീനർ കെ.പത്മകുമാർ, യൂണിയൻ ചെയർമാൻ പി. ആർ. അജയകുമാർ, യോഗം കൗൺസിലർ ടി.പി. സുന്ദരേശൻ, രാജു ഏബ്രഹാം എം.എൽ. എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.എെ ജില്ലാ സെക്രട്ടറി എ.പി.ജയൻ, പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, മുൻ പ്രസിഡന്റ് പി.എസ്. മോഹനൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു അനിൽ, റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം എം.എസ്.ബിജുകുമാർ, ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് പി. എൻ. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.