പത്തനംതിട്ട: വേണ്ടടത്ത് ഇല്ല.. വേണ്ടാത്തിടത്ത് ഇഷ്ടം പോലെ. അതാണ് ഇപ്പോൾ പത്തനംതിട്ട നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളുടെ അവസ്ഥ. നഗരത്തിലെ പലയിടങ്ങളിലും കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊക്കെ എവിടെയാണെന്നോ പ്രവർത്തിക്കുന്നുണ്ടോയെന്നോ അധികൃതർക്ക് പോലും അറിയില്ല. ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിടത്തെല്ലാം ഇതു തന്നെയാണ് സ്ഥിതി. ട്രാഫിക് നിയന്ത്രിക്കാൻ പൊലീസ് ഉണ്ടെങ്കിലും വാഹനങ്ങൾ സിഗ്നൽ തെറ്റിച്ച് പോകുമ്പോൾ പിടികൂടാൻ ഇവർക്ക് കഴിയുന്നില്ല. കാമറകൾ ഇല്ലാത്തതിനാൽ ഇവരെ കണ്ടെത്താൻ കഴിയില്ല.
ട്രാഫിക് നിയമം ലംഘിക്കുന്നത് പതിവായതോടെ അപകടങ്ങളും വർദ്ധിച്ചു. കാൽനട യാത്രക്കാർ കഷ്ടിച്ചാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്. കാമറ നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യമുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. സാമൂഹികവിരുദ്ധ ശല്യം തടയാനും മറ്റും കാമറകൾ സഹായകരമാണ്.
രാത്രിയും പകലും ഒരേ പോലെ കാണാവുന്ന എച്ച്.ഡി. നൈറ്റ് വിഷൻ കാമറകൾ പ്രധാന ജംഗ്ഷനുകളിൽ അത്യാവശ്യ മാണ്. 200 മീറ്റർ സൂം ചെയ്യാൻ സാധിക്കുന്ന ഇവ എത് ഭാഗത്തേക്കും തിരിക്കാനും മൊബൈൽ ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാനും കഴിയും.
-------------------------------------------------------------------------------------------------------------
ഉണ്ടോ.. ?
ഇല്ലേ..?
അറിയില്ല!
നഗരത്തിലെ കാമറകളുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. കാമറകൾ എവിടൊക്കെയാണെന്ന് സ്ഥാപിച്ചിരിക്കുന്നതെന്ന വിവരം ലഭിച്ചിട്ടില്ല. നേരത്തെ കാമറകൾ പലയിടത്തും സ്ഥാപിച്ചതായാണ് അറിവ്. പക്ഷേ കണക്ഷൻ കൊടുത്തിട്ടുണ്ടോന്ന് അറിയില്ല. ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് ഉടനെ തീരുമാനമെടുക്കും.
അഡ്വ.ഗീതാ സുരേഷ്
(പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷ)