s
മല്ലിക കൃഷിയിടത്തിൽ

കൊടുമൺ: സൗന്ദര്യം മാത്രമല്ല ബന്ദിപ്പൂവിനുള്ളത്. പണം കായ്ക്കുന്ന ചെടികൂടിയാണത്. സംശയമുണ്ടെങ്കിൽ കൊടുമൺ ഐക്കാട് വസന്തമംഗലത്ത് വീട്ടിൽ മല്ലിക എന്ന വീട്ടമ്മയോട് ചോദിക്കൂ. ബന്ദിപ്പൂക്കളുടെ കൃഷിയിലൂടെ തരക്കേടില്ലാത്ത വരുമാനമുണ്ടാക്കുന്നുണ്ട് നാൽപ്പത്തിയഞ്ചുകാരിയായ ഇൗ വീട്ടമ്മ. വാഴയും പച്ചക്കറിയുമൊക്കെയായി വിപുലമായ കൃഷിയുണ്ട് മല്ലികയ്ക്ക്. 50 സെന്റ് സ്ഥലത്തുള്ള മികച്ച കൃഷിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മല്ലിക ക്ഷീരകർഷക കൂടിയാണ്. ബ്ളോക്ക് പഞ്ചായത്തിന്റെ മികച്ച സംയോജക കർഷകയ്ക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

കാർഷികവിളകളിൽ കീടങ്ങളുടെ ശല്യം രൂക്ഷമായപ്പോൾ പ്രതിവിധി തേടി കൊടുമൺ കൃഷി ഓഫീസർ എസ്.അദിലയെ സമീപിച്ചപ്പോഴാണ് ബന്ദിപ്പൂ കൃഷിയെക്കുറിച്ചറിയുന്നത്. ഇടവിളയായി ബന്ദിച്ചെടി നട്ടാൽ കീടങ്ങൾ ബന്ദിപ്പൂവിനെ തേടിപ്പോകും. ഇതോടെ ഇവയുടെ ആക്രമണത്തിൽ നിന്ന് മറ്റ് കാർഷിക വിളകൾക്ക് രക്ഷയാകും. തുടക്കത്തിൽ ചെറിയതോതിൽ ബന്ദിച്ചെടികൾ നട്ടുപിടിപ്പിച്ചു. ഫലം ലഭിച്ചതോടെ മുഴുവൻ സ്ഥലത്തേക്കും വ്യാപിപ്പിച്ചു. പൂക്കൾ കൊടുമണ്ണിലെ പൂക്കടയിൽ വിൽക്കും. കിലോയ്ക്ക് 40 രൂപയാണ് വില.

പല സ്ഥലങ്ങളിലും പരീക്ഷിച്ച് വിജയകരമായിട്ടുള്ള ഇൗ ഇടവിള കൃഷി കൊടുമണ്ണിൽ ആദ്യമായാണെന്ന് കൃഷി ഓഫീസർ എസ്.അദില പറഞ്ഞു. കൂടുതൽ കർഷകർ ഇപ്പോൾ താത്പര്യം അറിയിച്ചിട്ടുണ്ട്. ബന്ദിച്ചെടി പത്തുരൂപ നിരക്കിൽ കൃഷി ഒാഫീസിൽ നിന്ന് ലഭിക്കും.