ചെങ്ങന്നൂർ: ആരോഗ്യമേഖലയിൽ സമൂല മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞതായി മന്ത്രി.ജി.സുധാകരൻ പറഞ്ഞു. പുലിയൂരിൽ പുതിയതായി പണിത പി.എച്ച്.സി കെട്ടിടത്തിന്റെയും ലാബിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിതകേളം, പൊതുവിദ്യാഭ്യാസം, ആർദ്രം, ലൈഫ് മിഷൻ പദ്ധതികൾ വിപ്ലവകരമായ മാറ്റങ്ങളാണ് സംസ്ഥാനത്ത് വരുത്തിയിരിക്കുന്നത്. ഭരണത്തിലെത്തിയതുമുതൽ ഇടതു സർക്കാർ ആരോഗ്യം, കൃഷി, ഭവനനിർമ്മാണം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സമഗ്രമാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അസാദ്ധ്യമായതെന്നു തോന്നുന്നതെല്ലാം സാദ്ധ്യമാക്കുകയാണ് സർക്കാർ. . മുടങ്ങിക്കിടന്ന പദ്ധതികൾ ഒരോന്നായി ഏറ്റെടുത്തു നടത്തികൊണ്ടിരിക്കുകയാണ്. ഇതിന് ഉദാഹരണമാണ് ആലപ്പുഴ-ചങ്ങനാശേരി, അമ്പലപ്പുഴ-തിരുവല്ല റോഡുകളുടെ നിർമ്മാണമെന്ന് മന്ത്രിപറഞ്ഞു.
സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ഷൈലജ, ജില്ലാ പഞ്ചായത്ത് അംഗം ജോജി ചെറിയാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിതകുമാരി, എൽ.എസ്.ഡി.എ.ഇ ഇന്ദു എ.ആർ, ചെങ്ങന്നൂർ ആർ.ഡി.ഒ അതുൽ സ്വാമിനാഥ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്, കെ.പി പ്രദീപ്, ഡോ.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ചെങ്ങന്നൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയം, എസ്.എൻ കോളേജ് തുരുത്തിമേൽ റോഡ്, പുളിഞ്ചുവട്-ആല-അത്തലക്കടവ് റോഡ്, കടയിക്കാട് ഗുരുമന്ദിരം-ശിശുവിഹാർ റോഡ്, പുത്തൻവീട്ടിൽപടി-അങ്ങാടിക്കൽ ശബരിമല വില്ലേജ് റോഡ്, വെള്ളാവൂർ പടിഞ്ഞാറേനട റോഡ്, ടെമ്പിൾ റോഡ്, ചെങ്ങന്നൂർ ഐ.ടി.ഐ ജംഗ്ഷൻ-കിടങ്ങന്നൂർ റോഡ്, പിരളശേരി-പുത്തൻകാവ് റോഡ് എന്നിവയുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.