road

അടൂർ: അടൂർ - പത്തനാപുരം റോഡിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനായി എടുത്ത കുഴികളിൽ വാഹനങ്ങൾ കുടുങ്ങി മൂന്ന് മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. റോഡിന്റെ ഇരുവശവും കുഴിച്ച് മണ്ണിട്ട മൂടിയ ഭാഗത്ത് രണ്ട് വശങ്ങളിലായി കെ.എസ്.ആർ.ടി.സി ബസും ലോറിയും പുതയുകയായിരുന്നു. പറക്കോട് ജംഗ്ഷന് കിഴക്ക് ഗവ. എൽ. പി സ്കൂളിന്റെ മുൻഭാഗത്താണ് ഇന്നലെ രാവിലെ എട്ടിന് വാഹനങ്ങൾ പുതഞ്ഞത്. ആലപ്പുഴ ഭാഗത്തേക്ക് ചരക്കുമായി വന്ന ലോറിയണ് ഇടത് ഭാഗത്ത് ആദ്യം പുതഞ്ഞത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പുനലൂരിൽ നിന്ന് അടൂരിലേക്ക് വന്ന ബസും വലതുവശത്തെ കുഴിയിൽ പുതഞ്ഞു. ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. പഴയ പൈപ്പ്ലൈൻ പൊട്ടി വെള്ളം ഒഴുകി മണ്ണിട്ട ഭാഗം ഇരുത്തുകയായിരുന്നു. തുടർന്ന് അടൂർ ഭാഗത്ത് നിന്നും പറക്കോട് ജംഗ്ഷനിൽ നിന്നും വാഹനങ്ങൾ വടക്കോട്ട് തിരിഞ്ഞ് പറക്കോട് വടക്ക് ഗുരുമന്ദിരം ജംഗ്ഷനിൽ എത്തി കൊടുമൺ - ഏഴംകുളം റോഡിൽ പ്രവേശിച്ചും ഏഴംകുളത്ത് നിന്ന് കനാൽ റോഡ് വഴിയും തിരിഞ്ഞുപോകുകയായിരുന്നു. 11 മണിയോടെ മണ്ണ് മാന്തി ഉപയോഗിച്ച് പുതഞ്ഞ് കിടന്ന വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. 10 ദിവസം കൊണ്ട് പൈപ്പ് ലൈൻ മാറ്റുന്ന ജോലികൾ പൂർത്തീകരിക്കാമെന്ന ഉറപ്പ് മന്ത്രിക്ക് നൽകിയ വാട്ടർ അതോററ്റിയുടെ മെല്ലെപ്പോക്കാണ് കെ. പി റോഡിലെ ഗതാഗതം മാസങ്ങളായി താറുമാറാക്കിയത്. ഇവിടെ പൊടിശല്യം അതിരൂക്ഷമാണ്. വാട്ടർ അതോററ്റിയുടെ മെല്ലെപ്പോക്കിൽ പ്രതിക്ഷിച്ച് ഇന്നലെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടുറോഡിൽ വാഴനട്ട് പ്രതിഷേധിച്ചു.