പത്തനംതിട്ട: എട്ട് കോടി രൂപ മുടക്കി കാത്ത് ലാബ് സംവിധാനം ഒരുക്കിയ ജനറൽ ആശുപത്രിയിൽ ടോയ്ലറ്റ് സംവിധാനം ഏറെ പരിതാപകരമാണ്. പഴയ ഒ.പിക്ക് സമീപമുള്ള ടോയ്ലറ്റിൽ മൂക്ക് പൊത്തി വേണം കയറാൻ. ദുർഗന്ധം കാരണം ആശുപത്രി പരിസരത്ത് പോലും നിൽക്കാൻ പറ്റാത്ത സ്ഥിതിയാണ്. പുറമേ നിന്ന് നോക്കിയാൽ എല്ലാം ക്ലീനാണെങ്കിലും അകത്ത് കയറുന്നവർ പെടാപ്പാട് പെടും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ കുഴഞ്ഞത് തന്നെ. പഴ ഒ.പി ബ്ലോക്കിന്റെ പിന്നിലായാണ് ടോയ്‌ലറ്റ് സംവിധാനമുള്ളത്. ടോയ്‌ലറ്റ് എന്നൊരു ബോർഡ് പോലും ഇവിടെ ഇല്ല. പുരുഷൻമാരുടേതിൽ മൂന്ന് ടോയ്‌ലറ്റുകളാണ് ഉള്ളത്. സ്ത്രീകളുടെ ടോയ്ലറ്റുകളിലും ഇതും തന്നെയാണ് അവസ്ഥ. തറയും പരിസരവും ഉൾപ്പെടെ വൃത്തിഹീനമാണ്. കാലുകുത്താൻ പോലും അറയ്ക്കും.വൃത്തിയാക്കാൻ ജീവനക്കാർ മെനക്കെടുന്നില്ല. വെള്ളമില്ലാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും വലയ്ക്കുന്നുണ്ട്.
- ടോയ്‌ലറ്റുകൾ മലിനവും ദുർഗന്ധം വമിക്കുന്നതും
പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ രോഗികൾ വലയുന്നു
ദുർഗന്ധം കാരണം പൂട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളത്തിന്റെ കുറവാണ് കാരണം. സാധാരണ എല്ലാ ദിവസവും ജീവനക്കാർ വൃത്തിയാക്കാറുണ്ട്. ടോയ്ലറ്റ് സംവിധാനം വൃത്തിയാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകും.
ഡോ.സാജൻ
(ഡെപ്പ്യൂട്ടി സൂപ്രണ്ട്
പത്തനംതിട്ട ജനറൽ ആശുപത്രി)