കൊടുമൺ : കനാൽ നിർമ്മാണത്തിനായി അടച്ചിട്ട റോഡ് ആഴ്ചകൾ കഴിഞ്ഞിട്ടും തുറന്നില്ല. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ മല്ലിക വാർഡ് കിഴക്കേക്കര പടി - മങ്കുഴി റോഡാണ് അടച്ചിട്ടത്. റോഡിൽ കൂടി കടന്നുപോകുന്ന കെ.എ.പി കനാലിന്റെ അറ്റകുറ്റപ്പണിക്കായി റോഡ് നടുവേ മുറിച്ചിട്ട് രണ്ടാഴ്ചയാകുന്നു മാമൂട്, ആനന്ദപ്പള്ളി , പൊങ്ങലടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പന്തളം തെക്കേക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും മങ്കുഴി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലേക്കും എളുപ്പത്തിൽ എത്തിച്ചേരുവാനുള്ള റോഡാണിത് . സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ടായിരുന്നു. റോഡ് കുഴിച്ചത് മാത്രമാണ് ഇതുവരെ നടന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞവർഷം റോഡ് ടാർ ചെയ്ത് വൃത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് റോഡ് കുഴിച്ചത്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇത് അപകട ഭീഷണി ഉയർത്തുന്നു.