പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ മുഖംമൂടി അഴിഞ്ഞു വീണുകൊണ്ടിരിക്കുകയാണെന്നും റഫാൽ ഇടപാടിൽ ഒരോദിവസം പുറത്തുവരുന്നതും അഴിമതിക്കഥകളാണെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ.
രാജ്യം ഭരണത്തിൽ നിന്ന് പുറന്തള്ളുന്ന മോദി സർക്കാരിന് പിന്തുണ നൽകി കോൺഗ്രസിനെ ദുർബ്ബലപ്പെടുത്താൻ പിണറായി വിജയൻ നടത്തുന്ന ശ്രമം അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നും, ഈ രണ്ടു കൂട്ടരെയും പുറന്തള്ളുന്ന വമ്പിച്ച ജനാധിപത്യ മുന്നേറ്റമായിരിക്കും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡിയോഗം രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലെും ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാൻ കെ.പി.സി.സിയോടും എ.എെ.സി.സിയോടും ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രക്ക് ജില്ലയിൽ അഞ്ചു കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന ഈ സ്വീകരണ സമ്മേളനങ്ങളിൽ ഓരോ സമ്മേളനങ്ങളിലും 20,000 പേർ പങ്കെടുക്കും. ഒരു ലക്ഷം പേർ ജില്ലയിൽ ജനമഹാസമ്മേളനങ്ങളിൽ പങ്കെടുത്തുകൊണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം കുറിക്കും. ജില്ലയിൽ 23 ന് ഉച്ചയ്ക്ക് ശേഷം 3ന് തിരുവല്ലയിലും 4ന് റാന്നിയിലും, 5 ന് കോന്നിയിലും ജനമഹായാത്ര എത്തിച്ചേരും. 25 ന് രാവിലെ 10ന് പത്തനംതിട്ടയിലും 11ന് അടൂരിലും ജനമഹായാത്രയ്ക്ക് സ്വീകരണം നൽകും.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, കെ.പി.സി.സി നിർവ്വാഹകസമിതി അംഗം മാലേത്ത് സരളാദേവി, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എൻ.ഷൈലാജ്, മാത്യുകുളത്തിങ്കൽ, ടി.കെ.സാജു, ഉമ്മൻ അലക്സാണ്ടർ, സജി ചാക്കോ, ടി.കെ സാജു, അനിൽ തോമസ്, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, കെ.എൻ അച്യുതൻ, സജി കൊട്ടക്കാട്, ഹരികുമാർ പൂതങ്കര, ജോൺസൺ വിളവിനാൽ, റജി തോമസ്, സുനിൽ എസ് ലാൽ, സിന്ധു അനിൽ, രാജു പുളിമൂട്, കുഞ്ഞൂഞ്ഞമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.