പത്തനംതിട്ട : ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ, പ്രിയങ്ക യുഗത്തിന് തുടക്കം കുറിക്കുമെന്ന് കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ വർഗീയ ഫാസിസത്തിന് എതിരായി ഇന്ത്യയിൽ രൂപപ്പെടുന്ന പ്രാദേശിക കക്ഷികൾക്ക് നിർണ്ണായക പങ്കുള്ള മതേതര ജനാധിപത്യ മഹാസഖ്യം മികച്ച വിജയം നേടി അധികാരത്തിലെത്തും.മതേതരത്വം കാത്തുസംരക്ഷിക്കുന്നതിനായി വിയോജിപ്പുകൾ മാറ്റിവച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഹകരിക്കാൻ ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ പാർട്ടികളും തയ്യാറായി കഴിഞ്ഞു. രാഹുലിന്റെയും പ്രിയങ്കയുടേയും റോഡ് ഷോകൾ വിരൽചൂണ്ടുന്നത് ബി.ജെ.പിയുടെ കനത്ത പരാജയത്തിലേക്കാണ്.
മൂന്ന് നേരം സ്ത്രീ സുരക്ഷ പ്രസംഗിക്കുന്ന എൽ.ഡി.എഫിന്റെ ഒരു എം.എൽ.എ ദേവികുളം സബ്കളക്ടറെ അപമാനിച്ച സംഭവത്തോടെ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ഒരിക്കൽക്കൂടി തെളിഞ്ഞു. ശബരിമലയെ കലാപഭരിതമാക്കിയ സംസ്ഥാന സർക്കാരിന്റെ പിടിവാശിക്കും പിടിപ്പുകേടിനും എതിരായി വിശ്വാസിസമൂഹം പാർലമെന്റ് തെരെഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.
മനസുണർത്തി കേരളയാത്ര
പത്തനംതിട്ട: രണ്ടിലയും ഇരുവർണ പതാകയുമേന്തിയെത്തിയ കേരളാ കോൺഗ്രസ്സ് പ്രവർത്തകരെ സാക്ഷിയാക്കി കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് ജില്ലയിൽ സ്‌നേഹോഷ്മള വരവേൽപ്പ്. ആദ്യ സ്വീകരണ കേന്ദ്രമായ തിരുവല്ലയിൽ ചേർന്ന സമ്മേളനം കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൊണ്ടുവന്ന വികസനപദ്ധതികളല്ലാതെ പുതുതായി ഒന്നും നാടിന് സമ്മാനിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് എം.എം.ഹസൻ പറഞ്ഞു.
വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോദിക്ക് പരാജയം സമ്മാനിക്കാൻ പോകുന്നത് ഇന്ത്യയിലെ കർഷകരാണെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ രാജ്യസഭയുടെ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യൻ പറഞ്ഞു.
24 ന് കാസർഗോഡ് നിന്ന് ആരംഭിച്ച യാത്ര കേരളത്തിലെ 11 ജില്ലകൾ പൂർത്തിയാക്കിയാണ് പത്തനംതിട്ടയിൽ എത്തിയത്.
ജോയി എബ്രഹാം എക്സ്.എം.പി, വിക്ടർ.ടി തോമസ്, ജോസഫ് എം.പുതുശ്ശേരി, ഡി.കെ ജോൺ, ജോൺ കെ.മാത്യൂസ്, കുഞ്ഞു കോശി പോൾ, ചെറിയാൻ പോളച്ചിറക്കൽ, ഏബ്രഹാം കലമണ്ണിൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, മുഹമ്മദ് ഇക്ക്ബാൽ, സാം ഈപ്പൻ, വർഗീസ് മാമ്മൻ, എൻ.എം രാജു, ജോർജ് എബ്രഹാം, റോയി പനവിള, വർഗ്ഗീസ് പേരയിൽ, ബാബു വർഗ്ഗീസ്, പി.കെ ജേക്കബ്, എബ്രഹാം പി.സണ്ണി, വർഗ്ഗീസ് ജോൺ,ആലിച്ചൻ ആറൊന്നിൽ, ദീപു ഉമ്മൻ, ഏബ്രഹാം വാഴയിലലസ്, സാം ഏബ്രഹാം, സജി അലക്സ്, വി.ആർ രാജേഷ്, ജേക്കബ് മാമ്മൻ വട്ടശ്ശേരി, ആനി ജോസഫ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുൽ റഹ്മാൻ തുടങ്ങിയവരും തിരുവല്ലയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു. പത്തനം തിട്ടയിൽ ചേർന്ന സമാപന സമ്മേളനം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ശിവദാസൻ നായർ എക്സ്.എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.