ശബരിമല : യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ ശബരിമല ശ്രീകോവിൽ നട കുംഭമാസ പൂജകൾക്കായി ഇന്നലെ വൈകിട്ട് 5ന് തുറന്നു. ഒരുസംഘം യുവതികൾ ദർശത്തിന് എത്തുമെന്ന് സൂചനയുണ്ട്. എത്തിയാൽ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ ശബരിമല കർമ്മസമിതിയും സംഘപരിവാർ സംഘടനകളും നിലയുറപ്പിച്ചതിനാൽ വരുന്ന നാല് ദിവസങ്ങൾ സംഘർഷഭരിതമാകാനാണിട.
ഇന്നലെ വൈകിട്ട് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വാസുദേവൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. സീസണിലെപ്പോലെയുള്ള പൊലീസ് സംവിധാനമാണ് സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. സന്നിധാനത്ത് എസ്. പി വി. അജിത്തിന്റെ നേതൃത്വത്തിൽ 375 പൊലീസുകാരും പമ്പയിൽ എസ്. പി മഞ്ജുനാഥിന്റെ നേതൃത്വത്തിൽ 450 പൊലീസുകാരും നിലയ്ക്കലിൽ എസ്. പി പി. കെ. മധുവിന്റെ നേതൃത്വത്തിൽ 500 പൊലീസുകാരുമാണുള്ളത്. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് അയച്ചുതുടങ്ങി.
പമ്പ, സന്നിധാനം എന്നിവിടങ്ങളിലായാണ് കർമ്മ സമിതി പ്രവർത്തകർ ക്യാമ്പ് ചെയ്യുന്നത്. അയ്യപ്പ ഭക്തരുടെ വേഷത്തിൽ എത്തിയ ഇവർ ദർശനം കഴിഞ്ഞ് മടങ്ങാതെ വിവിധ ഇടങ്ങളിൽ തമ്പടിക്കും. യുവതികൾ എത്തിയാൽ ആദ്യ പ്രതിരോധം പമ്പയിൽ ഉണ്ടാകും. അതേ സമയം യുവതികൾ എത്തിയാൽ ശക്തമായ സംരക്ഷണം നൽകേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. സുരക്ഷ ആവശ്യപ്പെട്ട് എത്തിയാലും അത് പേരിൽമാത്രമൊതുങ്ങുമെന്നാണ് സൂചന.