'വെളളംകോ‌രാനും വിറക് വെട്ടാനും ജില്ളയിലെ നേതാക്കൾ'

പത്തനംതിട്ട: ആന്റോ ആന്റണി എം.പിയെ മൂന്നാമതും പത്തനംതിട്ട പാർലമെന്റ് സീറ്റിലേക്ക് മത്സരിപ്പിക്കുന്നതിനെതിരെ ഡി.സി.സി യോഗത്തിൽ സ്വന്തം ഗ്രൂപ്പ് നേതാക്കൾ പൊട്ടിത്തെറിച്ചു. ഇന്നലെ നടന്ന ഡി.സി.സി ജനറൽ ബോഡി യോഗത്തിൽ എ ഗ്രൂപ്പുകാരനായ മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജും വൈസ് പ്രസിഡന്റ് അനിൽ തോമസും മുൻ ജില്ലാ പഞ്ചായത്ത് അംഗം ഡോ.സജി ചാക്കോയുമാണ് എതിർപ്പുയർത്തിയത്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ സ്വീകരണത്തെപ്പറ്റി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ആന്റോയ്ക്കെതിരെ ശബ്ദമുയർന്നത്.

ഇത്തവണ ജില്ലയിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ വേണമെന്ന് വിഷയം ഉന്നയിച്ച അനിൽ തോമസ് പറഞ്ഞു. ഡോ. സജി ചാക്കോയും ഇൗ ആവശ്യമുന്നയിച്ച് സംസാരിച്ചു. വിറകുവെട്ടാനും വെളളം കോരാനും മാത്രമാണ് ജില്ലയിലെ നേതാക്കളെ ഉപയോഗിക്കുന്നതെന്ന് പി. മോഹൻരാജ് കടത്തിപ്പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജില്ലയിൽ നിന്ന് സ്ഥാനാർത്ഥിയെ വേണമെന്ന് ആവശ്യമുയർന്നിരുന്നു. എ. െഎ.സി.സി ഇടപെട്ട് വീണ്ടും ആന്റോയെ മത്സരിപ്പിക്കുകയായിരുന്നുവെന്ന് മോഹൻരാജ് പറഞ്ഞു.

അതേസമയം, വിഷയത്തിൽ എെ ഗ്രൂപ്പ് നേതാക്കൾ മൗനം പാലിച്ചു.

സ്ഥാനാർത്ഥിക്കാര്യം തീരുമാനിക്കുന്നത് ഇവിടെയല്ല, എ.െഎ.സി.സിയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് വിശദീകരിച്ചതോടെ മറ്റ് അജണ്ടകളിലേക്ക് കടക്കുകയായിരുന്നു.