മുളക്കുഴ പഞ്ചായത്തിൽ കുടിവെളളക്ഷാമം രൂക്ഷം
ചെങ്ങന്നൂർ: എക്കലും മണ്ണും കാടും കയറി സബ് കനാലിന്റെ പൈപ്പ് മുഖം അടഞ്ഞതോടെ മുളക്കുഴ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ ഏക്കറുകണക്കിന് നെൽകൃഷി വെളളം കിട്ടാതെ കരിഞ്ഞുണങ്ങുന്നു. കനാൽവെളളം നിലച്ചതോടെ പഞ്ചായത്തിന്റെ മിക്കഭാഗങ്ങളിലും കുടിവെളള ക്ഷാമവും രൂക്ഷമായി. പി.ഐ.പി കനാലിൽ മുളക്കുഴയിൽ നിന്ന് കൊഴുവല്ലൂർ ഭാഗത്തേക്കുളള സബ് കനാലിന്റെ പളളിപ്പടിമുതൽ പാറക്കരവരെ പൈപ്പിലൂടെയാണ് വെള്ളം ഒഴുകുന്നത്. പളളിപ്പടി ഭാഗത്തെ പൈപ്പ് മുഖത്ത് കനാൽ ജലത്തിലൂടെ ഒഴുകിയെത്തിയ എക്കലും ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുകയാണ്. കാരയ്ക്കാട് വാഴപ്പളളിമുട്ടേൽ നാല്പത് ഏക്കറോളം വരുന്ന പൂക്കച്ചാലിലെ പാതി വളർച്ചയെത്തിയ നെൽകൃഷിയാണ് ഏറെയും കരിഞ്ഞത്.
ഇരുപത് വർഷമായി തരിശുകിടന്ന പാടത്ത് സജിചെറിയാൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം തരിശ് രഹിത മണ്ഡലം ആക്കുന്നതിന് സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ഇറക്കിയത്. ബാങ്കിൽ നിന്ന് ലോണെടുത്തും കടംവാങ്ങിയും കനാൽ ജലത്തിനെ ആശ്രയിച്ച് കൃഷി ഇറക്കുകയായിരുന്നു. ചാക്കപാടത്തിന് പുറമെ കനാൽ ജലമെത്തിച്ച് കൃഷി നടത്തുന്ന നൂറ് ഏക്കറോളം വരുന്ന കൊഴുവല്ലൂർ പാടത്തും സമാനമായ പ്രതിസന്ധിയാണ്. ഉടൻ വെളളമെത്തിച്ചില്ലെങ്കിൽ പ്രളയശേഷം ആരംഭിച്ച നെൽകൃഷി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരും. ഇത് കർഷകരെ കടക്കെണിയിലുമാക്കും.
കൃഷി ഉപേക്ഷിക്കേണ്ടിവരും
മനുഷ്യ പ്രയത്നത്തിനുപുറമെ യന്ത്ര സഹായത്തോടെയാണ് തരിശ് നിലം കൃഷിയോഗ്യമാക്കിയത്. ഇതിന് ഭാരിച്ച തുക ചെലവായി. അടിയന്തര പ്രാധാന്യത്തോടെ വെള്ളം എത്തിച്ചില്ലെങ്കിൽ നെൽകൃഷി ഉപേക്ഷിക്കേണ്ടിവരും. നെൽച്ചെടികൾ കതിരണിയുന്ന സമയമാണിത്. വെളളം കിട്ടിയില്ലെങ്കിൽ നെൽക്കതിരുകൾ പതിരായി മാറും.
അഭിലാഷ് പഞ്ചവടി
(പാടശേഖര സമിതി സെക്രട്ടറി)
അടിയന്തിര നടപടി സ്വീകരിക്കും
പൂക്കാച്ചൽ പാടശേഖരത്തിൽ ജലം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. ഇതിനായി പമ്പ് സെറ്റ് നൽകും. പാടശേഖരത്തിലേക്ക് ജലമെത്തിക്കുന്നതിനുളള തോടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചിട്ടുണ്ട്. പി.ഐ.പി സബ് കനാലിൽ നിന്നുമുളള ജലസേചന സംവിധാനം കാര്യക്ഷമമല്ല. ജലസേചന സൗകര്യം ഉറപ്പാക്കി ഗ്രാമപഞ്ചായത്തിൽ കൃഷി വ്യാപിപ്പിക്കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കിവരികയാണ്.
ആര്യാനാഥ് (കൃഷി ഓഫീസർ)