പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ ബി.ജെ.പി പ്രചാരണ പ്രവർത്തനങ്ങൾക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയിൽ തുടക്കമിടും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങൾ ഉൾപ്പെട്ട തിരുവനന്തപുരം ക്ളസ്റ്ററിലെ ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ യോഗം കുമ്പഴ ലിജോ ആഡിറ്റോറിയത്തിൽ വൈകിട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും.

യോഗത്തിൽ 1100 അംഗങ്ങൾ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുസമ്മേളനം ജില്ലാ സ്റ്റേഡിയത്തിൽ യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. പാർട്ടി ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, എം.പിമാരായ വി. മുരളീധരൻ, സുരേഷ് ഗോപി തുടങ്ങിയവർ പ്രസംഗിക്കും. ഇരുപത് പാർലമെന്റ് മണ്ഡലങ്ങളെ അഞ്ച് ക്ളസ്റ്ററുകളായി തിരിച്ചാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം.