അങ്ങാടിക്കൽ : നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങളിൽ മികവുമായി അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ. 2018 - 2019 വർഷത്തെ പ്രവർത്തനങ്ങളിൽ സംസ്ഥാനതലത്തിൽ അഭിമാനകരമായ നേട്ടം കൊയ്തു. എക്സൈസ് വകുപ്പും ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഹ്രസ്വചിത്ര മത്സരത്തിൽ സംസ്ഥാന തലത്തിൽ സ്കൂളിന്റെ 'കാണാക്കയങ്ങൾ' എന്ന ചിത്രം ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം മേയർ പ്രശാന്തിൽ നിന്ന് ഇതിനുള്ള പുരസ്കാരം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ. മണികണ്ഠൻ ഏറ്റുവാങ്ങി. എൻ.എസ്.എസ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനമൊട്ടകെ വിവിധ യൂണിറ്റുകൾ 156 വീടുകൾ നിർമിച്ചു നൽകിയതിൽ ഒരുവീട് അങ്ങാടിക്കൽ സ്കൂളിന്റെ സംഭാവനയായിരുന്നു. വീടിന്റെ താക്കോൽദാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർ അശ്വിനിക്കാണ് വീട് നൽകിയത്. വീടുകളിൽ നിന്ന് പഴയ പത്രങ്ങൾ ശേഖരിച്ചു വിറ്റാണ് കുട്ടികൾ ഇതിനായി പണം കണ്ടെത്തിയത്. പൂർവ വിദ്യാർത്ഥിയും വിദേശമലയാളിയുമായ ജോയ് സാമുവേലും പങ്കാളികളായി. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഹിമാചലിലെ നർകൊണ്ടയിലെ അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പർവ്വതാരോഹക പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥിനി പ്രിയലക്ഷ്മിയേയും അനുമോദിച്ചു. ശാരീരിക പരിമിതിയുള്ള ശ്രീപാർവ്വതി, ശ്രീലക്ഷ്മി എന്നീ കുട്ടികളെ എൻ.എസ്.എസ് യൂണിറ്റ് ഫ്ളവേഴ്സ് ചാനൽ കോമഡി ഉത്സവത്തിൽ പങ്കെടുപ്പിച്ചിരുന്നു. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ കേരളപ്പിറവി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനവും ഇൗ വർഷം എസ്.എൻ.വി എച്ച്.എസ്.എസിലായിരുന്നു. ഒട്ടേറെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ അന്ന് നാടിന് സമർപ്പിച്ചിരുന്നു.സ്കൂൾ മാനേജ്മെന്റ് നൽകുന്ന ശക്തമായ പിന്തുണയും ഇടപെടലുകളുമാണ് ഇൗ നേട്ടങ്ങൾക്ക് പിന്നിലെ പ്രധാന ഘടകം.