agriculture

പെരിങ്ങര മാണിക്കത്തടി പാടത്ത് നെൽകൃഷി നിലച്ചിട്ട് അഞ്ച് വർഷം

തിരുവല്ല: ജലസേചന സംവിധാനത്തിന്റെ അപര്യാപ്തതമൂലം പെരിങ്ങര മാണിക്കത്തടി പാടശേഖരത്തിൽ നെൽകൃഷി നിലച്ചിട്ട് അഞ്ച് വർഷം പിന്നിടുന്നു. പെരിങ്ങര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന നാൽപത് ഏക്കറോളം വരുന്ന പാടശേഖരമാണ് കൃഷി നിലച്ചതിനെ തുടർന്ന് വർഷങ്ങളായി കള വളർന്നുകയറി നശിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നൂറുമേനി വിളഞ്ഞിരുന്ന പാടശേഖരമാണിതെന്നു കർഷകർ പറയുന്നു. കൃഷിക്ക് ആവശ്യമായ ജലം എത്തിക്കേണ്ട വാച്ചാൽ തോടുകൾ കൈയേറ്റംമൂലം ഇല്ലാതായതാണ് കൃഷി മുടങ്ങാനുള്ള പ്രധാന പ്രശ്നം. മഴക്കാലത്ത് പാടത്ത് കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കിക്കളയാനും വാച്ചാലുകളുടെ അഭാവംമൂലം കഴിയാതെ വരുന്നതും കൃഷി ഇറക്കുന്നതിന് തടസം സൃഷ്ടിക്കുന്നു. മൂന്ന് വർഷം മുമ്പ് പാടത്ത് കൃഷിയിറക്കുന്നതിനുള്ള നീക്കങ്ങൾ ചില വ്യക്തികൾ ചേർന്ന് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിത്ത് അടക്കമുള്ളവ കൃഷി വകുപ്പിൽ നിന്ന് അനുവദിക്കുകയും ചെയ്തു. എന്നാൽ കൃഷിയുടെ നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാതെ വന്നതോടെ കൃഷി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പെരിങ്ങര, കാരയ്ക്കൽ തോടുകളിൽ നിന്നുമുള്ള ജലമാണ് പ്രധാനമായും പ്രദേശത്തെ പാടശേഖരങ്ങളിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. പാശേഖരങ്ങളെ തോടുമായി ബന്ധിപ്പിക്കുന്ന നിരവധി വാച്ചാലുകളും മുമ്പ് ഉണ്ടായിരുന്നു. എന്നാൽ സംരക്ഷണമില്ലാതെയും കൈയേറ്റങ്ങൾ മൂലവും വാച്ചാലുകളിൽ ഭൂരിഭാഗവും ഇല്ലാതായതാണ് കൃഷിക്ക് തടസമായത്. പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ വാച്ചാലുകൾ വീണ്ടെടുക്കുന്നത് സംബന്ധിച്ച നിയമ നടപടികൾക്ക് ആറുമാസം മുമ്പ് പഞ്ചായത്ത് ഭരണസമിതി തുടക്കമിട്ടിരുന്നു. എന്നാൽ അവയെല്ലാം ഇപ്പോൾ വഴിമുട്ടിയ നിലയിലാണ്.

വെള്ളമെത്തിക്കാൻ ശ്രമിക്കും

തോടുകളിലെ ജലനിരപ്പ് വളരെയധികം താഴ്ന്നതിനാൽ മാണിക്കത്തകിടി പാടശേഖരങ്ങളിൽ കൃഷിക്ക് വെള്ളം എത്തിക്കുക ദുഷ്കരവും ചെലവേറിയതുമാണ്.പാടത്ത് വെള്ളം എത്തിക്കാനുള്ള സാദ്ധ്യതകൾ ആരാഞ്ഞു അടുത്തതവണ കൃഷിയിറക്കാനുള്ള ശ്രമങ്ങൾ നടത്തും.

സാം ഈപ്പൻ

അപ്പർകുട്ടനാട് നെൽകർഷക സംഘം പ്രസിഡന്റ്