kalanjoor-school-

കലഞ്ഞൂർ: പഠന മികവ് പൊതുസമൂഹത്തിന് കാട്ടിക്കൊടുക്കാൻ വേറിട്ട പഠനോത്സവുമായി കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്​കൂൾ. പഠന ആവിഷ്‌കാരങ്ങൾ സ്വതന്ത്ര ചിന്തകളായി വിദ്യാർത്ഥികൾ അവതരിപ്പിച്ചു. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ കലാബോധവൽക്കരണ പരിപാടികൾ പഞ്ചായത്തിലെ തിരഞ്ഞെടുത്ത എട്ട് കേന്ദ്രങ്ങളിലായി അരങ്ങേറി. ഹിന്ദിയിലുള്ള ലഘു നാടകം, ഇംഗ്ലീഷ് സ്‌കിറ്റ്, നാടൻപാട്ട്, സാമൂഹ്യ പരിഷ്​കർത്താക്കളായ ശ്രീ നാരായണ ഗുരു, അയ്യൻകാളി, നോബൽ സമ്മാന ജേതാക്കളായ കൈലാസ് സത്യാർഥി, മലാല യൂസുഫ് സായ് എന്നിവരുടെ ദൃശ്യാവിഷ്‌കാരങ്ങൾ ചോദ്യോത്തര പംക്തി എന്നിവ കാണികളെ ഏറെ ആകർഷിച്ചു. വിദ്യാർത്ഥികൾ ശേഖരിച്ചു തയ്യാറാക്കിയ പച്ചക്കറിവിത്തുകൾ നാട്ടുകാർക്ക് വിതരണം ചെയ്തു. ചോദ്യോത്തര പംക്തിയിൽ ശരിയുത്തരം പറഞ്ഞവർക്ക് സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ, ചാർട്ടുകൾ, നിശ്ചല മാതൃകകൾ എന്നിവ ക്രമീകരിച്ച പ്രദർശന വാഹനവും യാത്രയിൽ ഉണ്ടായിരുന്നു. ഏഴാം ക്ലാസ്സ് വിദ്യാർത്ഥി അശ്വിൻ എസ്. കുമാർ വരച്ച സ്പീഡ് കാർട്ടൂണുകളും കാണികളെ രസിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് കലഞ്ഞൂർ ശ്രീകുമാർ പഠനോത്സവ യാത്ര ഫ്‌ളാഗ് ഒഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ, വാർഡ് അംഗങ്ങളായ സിബി ഐസക്, വി.കെ.അശോകൻ നായർ, രമാ സുരേഷ്, ജെ. സിദ്ധാർഥൻ, പി.ടി.എ വൈസ് പ്രസിഡന്റ് പി.സുശീല കുമാരി, മാതൃ സമിതി പ്രസിഡന്റ് ഷീല വിജയ് എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപകരായ ഫിലിപ്പ് ജോർജ്, സിബി ചാക്കോ, എസ്. റാഫി, എസ്.ആർ.ജി കൺവീനർ വി.ബിന്ദു, ബിന്ദു അലക്‌സാണ്ടർ, വി. അജിലി, അനിത സുരേഷ് എന്നിവർ പ്രസംഗിച്ചു.