കടമ്പനാട്: ഗ്രാമപഞ്ചായത്തിലെ വേമ്പനാട്ടഴികത്ത് - തുവയൂർ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമേറിയതായിട്ടും അധികൃതർക്ക് കുലുക്കമില്ല. ടാറിംഗ് ഇളകി മെറ്റലുകൾ റോഡിൽ ചിതറിക്കിടക്കുന്നു. കടമ്പനാട് - ഏനാത്ത് റോഡിൽ നിന്ന് തുവയൂർ ജംഗ്ഷനിലേക്കും അടൂരിലേക്കും പോകാനുളള എളുപ്പവഴിയാണിത്. ബസ് സർവീസില്ലാത്ത റോഡിലൂടെ ബൈക്ക് ഉൾപ്പെടെ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ നടുവൊടിയുകയാണ്. മെറ്റലുകളിൽ തട്ടിയുളള യാത്രയിൽ അപകടമുണ്ടാകുന്നത് പതിവായി. ടാറിംഗോ അറ്റകുറ്റപ്പണികളോ നടത്താതെ വർഷങ്ങളായി അവഗണിക്കപ്പെട്ടുകിടക്കുകയാണ് റോഡ്. കനത്ത മഴ പെയ്താൽ റോഡിലൂടെ സഞ്ചരിക്കാൻ കഴിയില്ല. കടമ്പനാട് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളളതാണ് റോഡ്. നാല് കി.മീ ദൈർഘ്യം ഉള്ളതിനാൽ പഞ്ചായത്തിന്റേതായ പദ്ധതികളിൽ റോഡിനെ ഉൾപ്പെടുത്തിയിട്ടുമില്ല. ആറ് വർഷം മുൻപ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി കുഴികൾ നികത്തിയതൊഴിച്ചാൽ കാര്യമായ പണികളൊന്നും നടന്നില്ല. പഞ്ചായത്തിലെ നാല്, പതിന്നാറ്, പതിമൂന്ന് വാർഡുകളിലുളള ആയിരങ്ങളുടെ പ്രധാന സഞ്ചാരമാർഗമായ റോഡാണ് തകർന്നു കിടക്കുന്നത്. ആശുപത്രി, സ്കൂൾ, കടമ്പനാട് ജംഗ്ഷൻ എന്നിവിടങ്ങളിലേക്കുളള പ്രധാന വഴിയാണിത്. റോഡ് റീടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വർഷങ്ങൾക്ക് മുൻപ് ഇതുവഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി സർവീസ് ലാഭകരമായിരുന്നു. റോഡിന് വീതി കൂട്ടുന്നതിന് സ്ഥലമെടുപ്പ് തർക്കത്തിലാവുകയും ചെയ്തിരുന്നു.
....
റോഡിന്റെ ദൈർഘ്യം കാരണം പഞ്ചായത്തിന്റെ പദ്ധതികളിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. അറ്റകുറ്റപ്പണി നടത്താൻ ജില്ലാ പഞ്ചായത്തിന്റെ പ്ളാനിൽ ഉൾപ്പെടുത്തും.
എ. ആർ. അജീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.