govt-school

ചെങ്ങന്നൂർ: പ്രളയത്തിൽ തകർന്ന ചുറ്റുമതിൽ നിർമ്മിക്കാത്തത് കാരണം സ്കൂൾ അങ്കണം സ്വകാര്യ വാഹന ഉടമകൾ പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റി. തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ചുറ്റുമതിലിന്റെ 65 മീറ്ററിൽ ഭാഗമാണ് പ്രളയത്തിൽ തകർന്നത്. പുതിയ കെട്ടിടത്തിന്റെ മുൻവശത്തെ 30 മീറ്റർ മതിലും യു .പി കെട്ടിടത്തിന്റെ മുൻവശത്തെ മതിലിന്റെ മുപ്പത്തഞ്ചോളം മീറ്ററുമാണ് തകർന്നത്. അവധി ദിവസങ്ങളിൽ നിരവധി സ്വകാര്യവാഹനങ്ങളാണ് മതിൽ തകർന്ന ഭാഗങ്ങളിലൂടെ കടന്ന് സ്കൂൾ അങ്കണത്തിൽ പാർക്ക് ചെയ്യുന്നത്. രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു. അവധി ദിവസങ്ങളിൽ സ്‌കൂളിന്റെ സമീപം പൊതു പരിപാടികൾക്കും വിവാഹ ആവശ്യങ്ങൾക്കും പങ്കെടുക്കുവാൻ വരുന്നവരുടെ വാഹനങ്ങളാണ് സ്‌കൂളിന്റെ മുറ്റത്തേക്ക് കയറ്റുന്നത്. ജില്ലാപഞ്ചായത്തിൽ നിന്ന് മതിൽ പുനർനിർമ്മാണത്തിന് ഉദ്യോഗസ്ഥരെത്തി എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല.

പ്രളയത്തിൽ തകർന്ന മതിൽ പുതുക്കി നിർമ്മിക്കാൻ ജില്ലാ പഞ്ചായത്തിൽ നിന്ന് നാലുമാസം മുൻപ് ഉദ്യോഗസ്ഥരെത്തി പ്ലാനും എസ്റ്റിമേറ്റും എടുത്തിരുന്നു. എന്നാൽ നാളിതുവരെയും നടപടി ഉണ്ടായിട്ടില്ല. പ്രവർത്തി ദിവസങ്ങളിലും സ്വകാര്യ വാഹനങ്ങൾ സ്കൂൾ അങ്കണത്തിൽ അനധികൃതമായി പ്രവേശിക്കുന്നുണ്ട്.

സുനിത ടീച്ചർ (ഹെഡ്മിസ്ട്രസ്സ്)