കടമ്പനാട് : പാണ്ഡിമലപ്പുറത്ത് ലഭിക്കുന്നത് ഓര് വെള്ളം. അതും വല്ലപ്പോഴും.
കടമ്പനാട് പഞ്ചായത്തിൽ കൂടുതൽ കുടിവെള്ളക്ഷാമം അനുഭവപെടുന്നപ്രദേശമാണ് പാണ്ഡിമലപ്പുറം പട്ടികജാതി കോളനി. ഏകദേശം നാനൂറിലധികം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. വേനലായാൽ കുടിവെള്ളമില്ല. വർഷങ്ങളായുള്ള മുറവിളികൾക്ക് ശേഷമാണ് ജില്ലാപഞ്ചായത്ത് ഇടപെട്ട് 50ലക്ഷം രൂപ ചെലവിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നത്. പദ്ധതിക്ക് ഫണ്ട് അനുവദിച്ചപ്പോൾ ടാങ്ക് സ്ഥാപിക്കാൻ സ്ഥലമില്ലാതെ പദ്ധതി നഷ്ടപ്പെടുന്ന സ്ഥിതിയിലായപ്പോൾ കോളനിവാസിയായ ഗോപാലൻ ആകെയുള്ള എട്ട് സെന്റ് സ്ഥലത്തിൽ നിന്ന് രണ്ട് സെന്റ് നൽകി.
പദ്ധതിയുടെ കിണർ സ്ഥാപിച്ചത് കല്ലടയാറിൽ ഭഗവതിമഠം കടവിലാണ് . യാതൊരു ശുചീകരണസംവിധാനവും ഏർപ്പടുത്താതെ ആറ്റിലെ ജലം കുടിവെള്ളമായി വിതരണം ചെയ്യുകയായിരുന്നു. കടുത്തവേനലാകുമ്പോൾ ആറ്റിലെ ജലനിരപ്പ് താഴ്ന്ന് ഓര് വെള്ളം കിണറിൽ നിറയും. ഇപ്പോൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഓര് വെള്ളം പമ്പ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി ചാർജും പ്രദേശവാസികളാണ് നൽകുന്നത്.
കിണറ്റിൽ ശുദ്ധീകരണ സംവിധാനം ഏർപ്പെടുത്തി ശുദ്ധജലം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.